bamboo-

തൃശൂർ: ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കും മൂന്നടി താഴ്ചയിൽ വേരുപടലം പടർത്തുന്ന മുള. വേരുകൾ മണ്ണിൽ പടർന്ന് പിടിച്ച് ജട പോലെ നിലകൊള്ളുന്നതിനാൽ മണ്ണിളകില്ല. മൂന്ന് മീറ്റർ ചുറ്റളവിൽ വേരുണ്ടാകും. കാറ്റിനെതിരെ പൊരുതാനും മുളയ്ക്കാകും. ആസാം മുള, ആനമുള പോലുള്ള വൻ മുളകൾക്ക് വിസ്തൃതമായ വേരുപടലമുണ്ടാകും.

മുള വലുതാകുമ്പോൾ വേരിന്റെ പരപ്പ് കൂടും. ഭൂകാണ്ഡവും ശക്തമാകും. കൊഴിഞ്ഞു വീഴുന്ന ഇലകൾ കവചം പോലെ മണ്ണിൽ കിടക്കും. മറ്റു മരങ്ങൾ വെട്ടിയാൽ തായ് വേര് ദ്രവിച്ചുപോകും. മഴക്കാലത്ത് അവിടെ വെള്ളം സംഭരിക്കുന്നത് മണ്ണിടിച്ചിലിന് വഴിവച്ചേക്കും. സോയിൽ പൈപ്പിംഗ് പോലുള്ള ഇത്തരം പ്രതിഭാസങ്ങൾ തായ് വേര് ഇല്ലാത്തതിനാൽ മുള നടുന്നിടത്ത് സംഭവിക്കുകയേയില്ല. അതുകൊണ്ടു തന്നെ മലമുകളിൽ മുളങ്കൂട്ടങ്ങൾ വച്ചുപിടിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്നാണ് ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും ഉയർത്തുന്ന ആവശ്യം.

കോഴിക്കോട് കാരശേരി പഞ്ചായത്തിലും ഭാരതപ്പുഴയിലും മണ്ണൊലിപ്പ് തടയാൻ പുഴയോരങ്ങളിൽ മുള നട്ടുപിടിപ്പിച്ചത് ഗുണകരമായിരുന്നു. കെനിയ അടക്കമുള്ള രാജ്യങ്ങളിലും മലയിടിച്ചിൽ തടയാൻ മുള വ്യാപകമായി വച്ചുപിടിപ്പിക്കുന്നുണ്ട്.

നിളയെ ചേർത്തുപിടിച്ചു

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വന്മരങ്ങൾ കടപുഴകിയപ്പോൾ ഭാരതപ്പുഴയുടെ തീരങ്ങളെ പിടിച്ചു നിറുത്തിയത് മുളകളായിരുന്നു. വൻതോതിലുള്ള മണ്ണൊലിപ്പാണ് തീരങ്ങളിൽ ഉണ്ടായതെങ്കിലും മുളങ്കൂട്ടങ്ങൾ വളർന്ന ഇടങ്ങളിൽ മണ്ണ് നഷ്ടമായില്ല. പുഴയുടെ തീരം ഹരിതവത്കരിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, കൃഷിവകുപ്പ്, പീച്ചി വനഗവേഷണ കേന്ദ്രം എന്നിവ ചേർന്നാണ് മുള വച്ചുപിടിപ്പിച്ചത്. തൃശൂരിലെ മണലിപ്പുഴയുടെ തീരങ്ങൾ സംരക്ഷിക്കാനും കേരള വനം ഗവേഷണകേന്ദ്രം മുളകൾ നട്ടിരുന്നു.

ഗുണങ്ങൾ പലത്

1. കൃഷി ചെയ്താൽ വാഴ, തെങ്ങ്, റബർ നാണ്യവിളകളെ അപേക്ഷിച്ച് കൂടുതൽ ലാഭം
2. പേപ്പർ വ്യവസായത്തിനും കരകൗശലവസ്തു നിർമ്മാണത്തിനും ഫ്‌ളോറിംഗിനും അനുയോജ്യം
3. പരിപാലനച്ചെലവും രോഗബാധയും കുറവ്, വളരാൻ വെള്ളം വളരെ കുറച്ച് മതി

4. കാർബൺ ഡൈ ഓക്‌സൈഡിനെ വലിച്ചെടുത്ത് കൂടുതൽ ഓക്‌സിജൻ ഉത്പാദിപ്പിക്കും

5. മുളങ്കൂമ്പ് ആരോഗ്യത്തിന് ഏറെ ഗുണകരം, സ്വദിഷ്ടം

6000 രൂപ: ഒരു ടണ്ണൺ പച്ച മുളയ്ക്ക് പേപ്പർ മില്ലുകാർ നൽകുന്ന വില

കൃഷിയൊരുക്കാൻ

മഴ തുടങ്ങുമ്പോൾ ഒന്നരയടി കുഴിയിൽ തൈകൾ നടാം, വിത്ത് വിതറിയാലും മുളയ്ക്കും.
മൂന്ന് മുതൽ അഞ്ച് മീറ്റർ അകലത്തിൽ നടണം. (ഇനങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും). ചെരിഞ്ഞ മലകളായാലും മുള വച്ചുപിടിപ്പിക്കാം.

''ഏതുതരം കാലാവസ്ഥയിലും നന്നായി വളരുന്ന മുളകൾ, മണ്ണിടിച്ചിലിനെ പ്രതിരോധിക്കും. പീച്ചി വനം ഗവേഷണകേന്ദ്രം കൂടുതൽ ഗവേഷണങ്ങളിലാണ്. ''

- വി.പി രവീന്ദ്രൻ, സീനിയർ സയന്റിസ്റ്റ്,

വനം ഗവേഷണകേന്ദ്രം, പീച്ചി