തൃശൂർ: കനത്തമഴയിലും വെളളപ്പൊക്കത്തിലും റോഡുകൾ തകരുകയും പാലങ്ങളിൽ വൻകുഴികൾ രൂപപ്പെടുകയും ചെയ്തതോടെ നഗരത്തിലും പരിസരപ്രദേശങ്ങളിലെ റോഡുകളിലും വൻഗതാഗതക്കുരുക്ക്. നാല് ദിവസമായി പെയ്ത കനത്ത മഴയ്ക്കു മുമ്പേ തന്നെ റോഡുകൾ തകർന്നിരുന്നു. ആ റോഡുകളിലാണ് വലിയ കുഴികളുണ്ടായത്. ശക്തൻ നഗർ, ഇക്കണ്ടവാര്യർ റോഡ് ജംഗ്ഷൻ, എം.ഒ റോഡ്, ഹൈറോഡ്, കൊക്കാലെ, വെളിയന്നൂർ, പടിഞ്ഞാറെക്കോട്ട, കെ.എസ്.ആർ.ടി.സി റോഡ്, പൂത്തോൾ, പുഴയ്ക്കൽ, മണ്ണുത്തി എന്നിവിടങ്ങളിലെല്ലാം വൻ കുഴികളിൽപെട്ട് വാഹനങ്ങൾ ഓഫാകുന്നതും പതിവായി. അതോടെ ഗതാഗതക്കുരുക്കും മുറുകും. കാനകളിൽ വെളളം നിറഞ്ഞ് റോഡിലേക്ക് ഒഴുകുന്നതും മഴയിൽ വലിയ വെളളക്കെട്ടിനും റോഡ് തകർച്ചയ്ക്കും ഇടയാക്കിയിരുന്നു.
രാവിലെയും വൈകിട്ടും അമലനഗർ മുതൽ പൂങ്കുന്നം വരെ നൂറുകണക്കിന് വാഹനങ്ങളാണ് കുരുങ്ങിക്കിടക്കുന്നത്. ആറരക്കോടിയോളം ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുഴയ്ക്കൽ പാലം തുറക്കാത്തതാണ് ഈ പാതയിലെ തിരക്കിന് പ്രധാനകാരണം. ശോഭാസിറ്റിയിലേക്കുളള വാഹനങ്ങൾ കൂടിയാകുമ്പോൾ കുരുക്ക് നിയന്ത്രണാതീതമാകും. വടക്കൻ ജില്ലകളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുളള പ്രധാന സംസ്ഥാനപാതയാണ് തൃശൂർ കോഴിക്കോട് റൂട്ട്.
പുഴയ്ക്കൽ പാലം:
21ന് രാപ്പകൽ സമരം
പുഴയ്ക്കലിൽ പണിത സമാന്തരപാലം ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് 21ന് രാപ്പകൽ സമരം നടത്തും. രാവിലെ 10 മണി മുതൽ 22 ന് രാവിലെ 10 മണി വരെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് സമരം. ടി.എൻ പ്രതാപൻ എം.പിയും അനിൽ അക്കര എം.എൽ.എയും പാലം സന്ദർശിച്ചാണ് സമരം പ്രഖ്യാപിച്ചത്.
തീരുമാനം അട്ടിമറിച്ചു
ചെറിയ വാഹനങ്ങൾക്കായി പുഴയ്ക്കൽ പാലം തുറന്നുകൊടുക്കാനുള്ള ജില്ലാ കളക്ടറുടെയും, എം.പി, എം.എൽ.എ തുടങ്ങിയവരുടെയും യോഗത്തിൽ എടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്. ജനപ്രതിനിധികൾ എടുത്ത തീരുമാനം അട്ടിമറിക്കാൻ സമ്മർദ്ദം ചെലുത്തിയ പൊതുമരാമത്ത് ചീഫ് എൻജിനിയറുടെ നടപടി ജനദ്രോഹകരമാണെന്ന് കേരളകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സി.വി കുരിയാക്കോസ് പറഞ്ഞു. മന്ത്രിമാരെയും ജനപ്രതിനിധികളെയും തെറ്റിദ്ധരിപ്പിച്ചും പുഴയ്ക്കൽ പാലത്തിന്റെ നിർമ്മാണം നേരിൽ കാണാൻ ശ്രമിക്കാതെയും വിലയിരുത്താതെയുമുള്ള നിലപാട് ദൂരവ്യാപക പ്രത്യാഘാതം വിളിച്ചുവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ തീർക്കും
കോർപറേഷൻ പരിധിയിൽ റോഡ് തകർന്ന സാഹചര്യത്തിൽ നഗരത്തിലെയും അനുബന്ധ റോഡുകളിലെയും കുഴികൾ ഉടൻ അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മേയർ അജിത വിജയൻ പറഞ്ഞു. ഉദ്യോഗസ്ഥന്മാർക്ക് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. തൃശൂർ പൂരത്തിന്റെ മുന്നോടിയായി നഗരപരിധിയിലെ റോഡുകൾ അറ്റകുറ്റപണി നടത്തി സഞ്ചാരയോഗ്യമാക്കിയിരുന്നു.