kda-vazha-manjalip
പ്രളയത്തിൽ ദിവസങ്ങളോളം മുങ്ങിക്കിടന്ന് മഞ്ഞനിറം ബാധിച്ച മാങ്കുറ്റിപ്പാടത്തെ കാട്ടുങ്ങൽ സുബ്രന്റെ വാഴത്തോട്ടം.

കൊടകര: മറ്റത്തൂരിലെ കർഷകരുടെ ഓണവിപണി സ്വപ്‌നങ്ങൾ പ്രളയം തകർത്തു. പ്രളയത്തിൽ ദിവസങ്ങളോളം മുങ്ങിക്കിടന്ന ലക്ഷക്കണക്കിന് വാഴകളാണ് മഞ്ഞളിപ്പ് രോഗത്താൽ നശിക്കുന്നത്. മഴയിലും കാറ്റിലും നേന്ത്രവാഴകൾ മാത്രമല്ല കദളി, ഞാലി പൂവൻ, പൂവൻ, പാളയംകോടൻ എന്നിവയും വെള്ളം കയറിയതോടെ കരിച്ചിൽ ബാധിച്ച് തണ്ട് ഒടിയുകയാണ്. ഇതോടെ ഓണത്തിന് പാകമാകേണ്ട കുലകൾ കർഷകർ നേരത്തെ വെട്ടി വിൽക്കേണ്ട അവസ്ഥയിലാണ്. മാങ്കുറ്റിപ്പാടത്ത് പാട്ടത്തിന് കൃഷിയിറക്കിയ കാട്ടുങ്ങൽ സുബ്രൻ, ചേലക്കാട്ടുകരയിൽ കുണ്ടുക്കാരൻ ജോസ് എന്നിവരുടെ നൂറുകണക്കിന് വാഴകളാണ് നശിച്ചത്. പ്രളയം ബാധിച്ച മറ്റത്തൂർ പഞ്ചായത്തിലെ ഒട്ടേറെ കർഷകർ ബാങ്ക് വായ്പയെടുത്ത് പാട്ടത്തിന് കൃഷിയിറക്കിയവരാണ്.