അരിമ്പൂർ: മഴക്കെടുതിയിൽ മൂന്ന് അടിയോളം വെള്ളം കെട്ടി നിന്നതോടെ നേന്ത്രവാഴത്തോട്ടത്തിന് നാശം. അരിമ്പൂർ എൻ.ഐ.ഡി റോഡിൽ ഐശ്വര്യ നഗറിലെ കാഞ്ഞിരത്തിങ്കൽ ഹേപ്പി വർഗ്ഗീസിന്റെ നേന്ത്രവാഴത്തോട്ടത്തിലാണ് 150 സ്വർണ്ണമുഖി നെടു നേന്ത്രൻ നേന്ത്രവാഴകൾ നശിച്ചത്. ഒരാഴ്ചയോളം വെള്ളം കെട്ടി നിന്നതിനാൽ ഇലകളിൽ മഞ്ഞനിറം വ്യാപിച്ച് വാഴ പഴുത്തു. 18 മുതൽ 20 കിലോ വരെ തൂക്കം കിട്ടുന്ന സ്വർണ്ണമുഖി നെടുനേന്ത്രൻ വാഴക്കുലകളാണ് നശിച്ചത്. ഇതിൽ 50 നേന്ത്രവാഴക്കുലകൾ ഓണത്തിനും മറ്റുള്ളവ ഒരു മാസം കഴിഞ്ഞും വിളവെടുക്കേണ്ടവയായിരുന്നു. കാർഷിക വായ്പയെടുത്താണ് വാഴക്കൃഷിയിറക്കിയതെന്നും ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും വാഴക്കർഷകനായ ഹാപ്പി വർഗ്ഗീസ് പറഞ്ഞു. ഇതിന് പുറമേ വിളവെടുപ്പിന് പാകമായ 40 റെഡ് ലേഡി പപ്പായയും വെള്ളക്കെട്ടിൽ മറിഞ്ഞ് വീണു. അരിമ്പൂർ കൃഷിഭവൻ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം നേന്ത്രവാഴത്തോട്ടത്തിലെത്തി നാശനഷ്ടം വിലയിരുത്തി.