kda-sharudaya-kaithang
നിലമ്പൂരിലെ ദുരിതബാധിതർക്ക് നല്കാനായി പലവ്യഞ്ജന കിറ്റ് തയ്യാറാക്കി വിദ്യാർത്ഥികൾ ബസിൽ കയറ്റുന്നു

കൊടകര: പ്രളയവും ഉരുൾ പൊട്ടലും മൂലം ദുരിതത്തിലായ നിലമ്പൂരിന് കൈത്താങ്ങായി സഹൃദയ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ നിലമ്പൂരിലേക്ക്. 150 ഓളം കുടുംബങ്ങൾക്കുള്ള അവശ്യ വസ്തുക്കളും പലവ്യഞ്ജനങ്ങളും ശുചീകരണ സാധനങ്ങളും അടങ്ങിയ കിറ്റുകളും അടക്കമാണ് വിദ്യാർത്ഥികൾ യാത്ര തിരിച്ചത്.

ചെളി നിറഞ്ഞ പ്രദേശങ്ങളിലെ പുല്ലുകൾ തിന്നാനാകാത്തതിനാൽ കന്നുകാലികൾക്ക് നൽകാനായി കാലിത്തീറ്റയും വിദ്യാർത്ഥികൾ കരുതിയിട്ടുണ്ട്. കോളേജിലെ വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ജീവനക്കാരിൽ നിന്നും ശേഖരിച്ച തുകയ്ക്കാണ് കിറ്റുകൾ തയ്യാറാക്കിയത്. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പ്രൊഫ. സി.യു. വിജയിന്റെ നേതൃത്വത്തിൽ അറുപതോളം കുട്ടികൾ രണ്ട് ദിവസം നിലമ്പൂരിൽ ക്യാമ്പ് ചെയ്യും.

നിലമ്പൂർ മേഖലയിലെ വീടുകളിലും പരിസരങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളും സർവേകളും നടത്തും. കുട്ടികളുടെ നിലമ്പൂരിലേക്കുള്ള സഹായ യാത്ര സഹൃദയ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോർജ്ജ് പാറേമാൻ പ്ലാഗ് ഓഫ് ചെയ്തു. ഫിനാൻസ് ഓഫീസർ ഫാ. ജിനോജ് കോലഞ്ചേരി, പ്രിൻസിപ്പൽ ഡോ. നിക്‌സൻ കുരുവിള തുടങ്ങിയവർ സംസാരിച്ചു.