കയ്പ്പമംഗലം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ ഭിന്നശേഷിക്കാരിയും. പെരിഞ്ഞനം പഞ്ചായത്തിലെ പതിനാലാം വാർഡ് പടിഞ്ഞാറെക്കൂറ്റ് സജീവന്റെ മകൾ ശ്രീനന്ദയെന്ന 15 വയസുകാരിയാണ് ഇക്കാലമത്രയും സൂക്ഷിച്ചു വെച്ച സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്. ജന്മനാ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട ശ്രീനന്ദയ്ക്ക് ഒമ്പതാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് വീൽച്ചെയറിലായി ശ്രീനന്ദയുടെ ലോകം. അഞ്ച് വർഷമായി കൈ നീട്ടമായും, മറ്റും കിട്ടിയ നാണയ തുട്ടുകൾ ഉൾപ്പെടെയുള്ള സമ്പാദ്യമായ 6100 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. ശ്രീനന്ദയുടെ വീട്ടിലെത്തി ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ തുക ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത്, വില്ലേജ് ഓഫീസർ പ്രശാന്ത്, സെക്രട്ടറി നടരാജൻ തുടങ്ങിയവർ സംബന്ധിച്ചു...