moideen-kunch
കാണിക്കയിലൂടെ സ്വരുകൂട്ടിയെടുത്ത 1,90,000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് കെ.വി. അബ്ദുൾഖാദർ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടർ ഷാനവാസിന് കുഞ്ഞിക്ക കൈമാറുന്നു

തൃശൂർ: കഴിഞ്ഞ പ്രളയകാലം കഴിഞ്ഞ ഉടൻ ഗുരുവായൂർ കടപ്പുറം അഞ്ചങ്ങാടിയിലെ കുഞ്ഞിക്ക എന്ന സി.കെ മൊയ്തീൻ കുഞ്ഞ് സ്വന്തം ഹോട്ടലായ ഫരീദയിൽ ഒരു ബോർഡ് വച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക. തൊട്ടടുത്ത് ഒരു കാണിക്കയും വച്ചു. ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്ത സാലറി ചാലഞ്ചാണ് ഇത്തരമൊരു പ്രവൃത്തിക്ക് കുഞ്ഞിക്കയ്ക്ക് പ്രചോദനമായത്. കുഞ്ഞിക്കയുടെ സത്പ്രവൃത്തിക്ക് നാട്ടുകാരും കൂട്ടുനിന്നു.

ഹോട്ടലിൽ ഭക്ഷണം കഴിച്ച് മടങ്ങുന്നവർ നിശ്ചിത തുക കാണിക്കയിലിടാൻ തുടങ്ങി. ഓരോ മാസം നിശ്ചിത തുക കുഞ്ഞിക്കയും ഇടും. വീണ്ടുമൊരു പ്രളയകാലമെത്തിയപ്പോൾ കുഞ്ഞിക്ക മറ്റൊന്നും ആലോചിച്ചില്ല. മുഴുവൻ തുകയും എത്രയും പെട്ടെന്ന് ദുരിതബാധിതർക്ക് കൈമാറാൻ തീരുമാനിച്ചു. എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ കുഞ്ഞിക്ക പോലും അത്ഭുതപ്പെട്ടു. പലതുള്ളി പെരുവെള്ളം പോലെ ചില്ലറത്തുട്ടുകളും നോട്ടുകളും എല്ലാം കൂടി ആകെ 1,90,000 രൂപ. വലിയ പണക്കാരനല്ലെങ്കിലും ഇത്രയധികം തുക സ്വരുക്കൂട്ടിയെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുഞ്ഞിക്ക. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,90,000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ജില്ലാ കളക്ടർ ഷാനവാസിന് കുഞ്ഞിക്ക കൈമാറി. നേരത്തെ 32,000 രൂപയും കുഞ്ഞിക്ക ദുരിതബാധിതർക്കായി കൈമാറിയിരുന്നു.