ചാലക്കുടി: വെസ്റ്റ് കൊരട്ടിയിൽ മുത്തശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ചെറുമകന്റെ അറസ്റ്റ് രേഖപ്പെടുത്തി. സൗത്ത് കൊരട്ടി കരയാംപറമ്പത്ത് പരേതനായ ഗോപാലകൃഷ്ണന്റെ മകൻ പ്രശാന്തിനെയാണ് (31) ചാലക്കുടി ഡിവൈ.എസ്.പി സി.ആർ സന്തോഷ് അറസ്റ്റ് ചെയ്തത്. പാപ്പാട്ടി ഇല്ലത്ത് പരേതനായ നാരായണ മൂസിന്റെ ഭാര്യ സാവിത്രി അന്തർജ്ജനത്തെയാണ് (78) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുണി കൊണ്ട് വായും മൂക്കും പൊത്തിയാണ് കൊല ചെയ്തതെന്ന് പ്രശാന്ത് പൊലീസിനോട് സമ്മതിച്ചു.
പണം ചോദിച്ചപ്പോൾ തരാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഇയാൾ കുറ്റസമ്മതം നടത്തി. കൊലയ്ക്ക് ശേഷം മുത്തശിയുടെ കഴുത്തിലുണ്ടായിരുന്ന ആറു ഗ്രാം വരുന്ന സ്വർണ്ണമാലയുമായാണ് പ്രശാന്ത് കടന്നുകളഞ്ഞത്. തൃശൂരിനടുത്തുള്ള ജ്വല്ലറിയിൽ മാല പണയപ്പെടുത്തി 17,000 രൂപയും ഇയാൾ വാങ്ങി. ആമ്പല്ലൂരിൽ പിടിയിലായ യുവാവിന്റെ പക്കൽ നിന്നും തുകയും പൊലീസ് കണ്ടെടുത്തു. നേരത്തെ ഇരിങ്ങാലക്കുട ഭാഗത്ത് സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു പ്രശാന്ത്. മദ്യപിച്ച് ബഹളമുണ്ടാക്കൽ സ്ഥിരമായപ്പോൾ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കഞ്ചാവിനും അടിമയായി. തുടർന്ന് കൊരട്ടി കട്ടപ്പുറത്തുള്ള ഭാര്യ വീട്ടിലായിരുന്നു താമസം. പണം ആവശ്യപ്പെട്ട് ഇവിടെയും സ്ഥിരം വഴക്കായിരുന്നു. മൂന്ന് ദിവസം മുമ്പ് ഭാര്യയുടെ പിതാവിന്റെ കുറെ രൂപ മോഷ്ടിച്ച് പോയതാണെന്ന് പറയുന്നു. പ്രശാന്തിന്റെ അമ്മ ദേവിയുടെ വീട്ടിലാണ് സാവിത്രി അന്തർജ്ജനം താമസിച്ചിരുന്നത്. ദേവി ജോലിക്ക് പോയ സമയത്താണ് ഇയാൾ പണം ആവശ്യപ്പെട്ട് വീട്ടിലെത്തി അരും കൊല നടത്തിയത്. ബഹളം കേട്ടെങ്കിലും അയൽക്കാർ ആരും എത്തിയില്ല. സംഭവത്തിന് ശേഷം വീട് പുറത്തു നിന്നും പൂട്ടിപ്പോയി. വൈകീട്ട് ദേവി വീട്ടിലെത്തി വീടു തുറന്നപ്പോഴാണ് കട്ടിലിനടിയിൽ മരിച്ച നിലയിൽ അമ്മയെ കണ്ടത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. പിന്നീട് വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. മദ്യപാനത്തിന് അടിമയായ പ്രശാന്തിന്റെ ഒരു കൈപ്പത്തി ചെറുപ്പത്തിലേ യന്ത്രത്തിന്റെ ഇടയിൽപെട്ട് നഷ്ടപ്പെട്ടിരുന്നു. അന്വേഷണ സംഘത്തിൽ കൊരട്ടി സി.ഐ ബാബു സെബാസ്റ്റ്യൻ, എസ്.ഐമാരായ സിദ്ധിക്ക് അബ്ദുൾ ഖാദർ, രാമു ബാലചന്ദ്ര ബോസ്, എ.എസ്.ഐ ജോൺസൺ കെ.ജെ, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ് , മൂസ പി.എം, മുഹമ്മദ് ബാഷി, സിൽജോ വി.യു, റെജി എ.യു, ഷിജോ തോമസ്, ബിനു എം.ജെ, ജിനി മോൻ തച്ചേത്ത്, എം.ജെ ബിനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.