കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വി.കെ രാജൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വീണ്ടും മോഷണം. രണ്ട് ലാപ്‌ടോപ്പുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ കവർന്നു. ഒന്നര മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് മോഷണം നടക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ കമ്പ്യൂട്ടർ ലാബിന്റെ ഇരുമ്പ് ഗ്രില്ലിലെയും, വാതിലിന്റെയും താഴുകൾ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. ലാബിൽ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പുകളിൽ രണ്ടെണ്ണം നഷ്ടപ്പെട്ടതായി സ്‌കൂൾ അധികൃതർ പറഞ്ഞു. സ്‌കൂളിലെ സി.സി.ടി.വി കാമറകൾ ദിശ തിരിച്ചു വെച്ച നിലയിലാണ്. മോഷ്ടാക്കൾ ഉപയോഗിച്ച ഇരുമ്പ് കമ്പികളും, കമ്പ്യൂട്ടർ ലാബിന്റെ താഴും സ്‌കൂൾ മൈതാനത്തോട് ചേർന്നുള്ള കാനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ജൂലായ് 2 ന് സമാനമായ രീതിയിൽ ഇവിടെ മോഷണം നടന്നിരുന്നു. കമ്പ്യൂട്ടർ ലാബ് കുത്തിതുറന്ന മോഷ്ടാക്കൾ സി.സി.ടി. വി കാമറയുടെ ഡി.വി.ആർ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് അന്ന് കവർന്നത്. ഈ കേസന്വേഷണം എങ്ങുമെത്താതെ നിൽക്കുന്നതിനിടയിലാണ് വീണ്ടും മോഷണം നടന്നത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.