പഴുവിൽ: ഏഴ് ദിവസമായി ഗതാഗതം തടസപ്പെട്ട തൃശൂർ പാലക്കൽ ചേർപ്പ് തൃപ്രയാർ റൂട്ടിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ ഗീതഗോപി എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളും കൈകോർക്കും. വെള്ളക്കെട്ട് രൂക്ഷമാകുന്ന പ്രദേശത്ത് വെള്ളത്തിന് ഒഴുകാനുള്ള സൗകര്യമൊരുക്കി റോഡ് ഉയർത്തണമെന്ന ആവശ്യം ശക്തമായതോടെ എം.എൽ.എ ഇടപെടുകയായിരുന്നു. ചാഴൂർ താന്ന്യം പഞ്ചായത്തുകളും അനുകൂലമായി രംഗത്തെത്തി. വെള്ളക്കെട്ടുള്ള പ്രദേശത്തെ വാട്ടർ ലെവൽ പരിശോധിച്ച് കൃത്യമായ രൂപരേഖ ഉണ്ടാക്കാൻ അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ നിമേഷിനെയും പി.ഡ.ബ്ലിയു എക്‌സിക്യൂട്ടീവ് എൻജിനീയർ സുമതിയെയും ചുമതലപ്പെടുത്തിയതായി ഗീതാ ഗോപി എം.എൽ.എ പറഞ്ഞു.
തൃപ്രയാറിൽ നിന്നും 24 കിലോമീറ്ററാണ് തൃശൂരിലെത്താനുള്ള ദൂരം. ചാഴൂർ, താന്ന്യം പഞ്ചായത്തുകളിലെ നാമമാത്രമായ പ്രദേശങ്ങളിലെ വെള്ളക്കെട്ടാണ് ഗതാഗതം തടസപ്പെടുത്തുന്നത്. താന്ന്യം പഞ്ചായത്തിലെ പാലക്കുഴി, ചാഴൂർ പഞ്ചായത്തിലെ ഗോകുലം സ്‌കൂൾ പരിസരം, പഴുവിൽ പള്ളിനട, ഇഞ്ചമുടി എന്നീ സ്ഥലങ്ങളിലെ രണ്ടടിയോളം ഉയരുന്ന വെള്ളക്കെട്ടാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഈ റോഡുകളുടെ സമീപപ്രദേശങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകളും തുറക്കുന്നതോടെ അവശ്യസാധനങ്ങൾ എത്തിക്കാൻ സന്നദ്ധസംഘടനകൾ പെടാപ്പാട് പെടും.
അമൃതം കുടിവെള്ള പദ്ധതിക്കായി പൊളിച്ചിട്ടിരിക്കുന്ന റോഡിൽ ഗതാഗതവും ദുഷ്‌ക്കരമായതോടെ ജനങ്ങൾ പൊറുതിമുട്ടി. പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശാനുസരണം റോഡിലെ വെള്ളക്കെട്ടിന്റെ ചിത്രങ്ങൾ മന്ത്രിക്ക് അയച്ചതായും അടുത്ത വർഷക്കാലത്തിന് മുമ്പ് പണി പൂർത്തീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി പഞ്ചായത്തിൽ ഐകകണ്‌ഠേന പ്രമേയം പാസാക്കുമെന്നും പ്രശ്‌നപരിഹാരത്തിനായി പദ്ധതിക്കൊപ്പം നിൽക്കുമെന്നും ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ് , വൈസ് പ്രസിഡന്റ് പി. രാമചന്ദ്രൻ എന്നിവർ പറഞ്ഞു. പദ്ധതി പൂർത്തീകരിക്കുന്നതിനായി എല്ലാ പിന്തുണയും നൽകുമെന്ന് ചാഴൂർ പഞ്ചായത്തിലെ രാഷ്ട്രീയ നേതാക്കളായ എൻ. ജി ജയരാജ്, എ. ബി ജയപ്രകാശ്, പി.കെ ഇബ്രാഹിം, ദിനേശ് കണ്ണോളി എന്നിവർ അറിയിച്ചു. ഈ വഴിയിലൂടെയുള്ള ഗതാഗതം ഞായറാഴ്ച പുനസ്ഥാപിച്ചു.