local

തൃശൂർ: തകർക്കാൻ കഴിയാത്ത ഉരുക്കുകോട്ടയായി ഇന്ത്യൻ കളിക്കളങ്ങളിൽ നിലകൊണ്ട ഫുട്ബാളർ. കേരളത്തിന്റെ സ്വപ്നടീമായിരുന്ന കേരള പൊലീസിന്റെയും ഇന്ത്യൻ ഫുട്ബാളിലെ തലതൊട്ടപ്പന്മാരായ മോഹൻ ബഗാന്റെയും സാൽഗോക്കറിന്റെയും പരിശീലകൻ. ദ്രോണാചാര്യയല്ല, ഗോവ സ്‌പോർട്‌സ് കൗൺസിലിന്റേത് ഒഴികെ മറ്റൊരു പുരസ്‌കാരങ്ങളും ലഭിക്കാത്ത ഇതിഹാസതാരം. സാക്ഷാൽ ടി.കെ. ചാത്തുണ്ണി!


അഞ്ചുപതിറ്റാണ്ടിലേറെ പന്തിന്റെ ആത്മാവ് തേടി ഓടിപ്പാഞ്ഞ അദ്ദേഹത്തിന്റെ കളിയും ജീവിതവും പുസ്തകമായി, 'ഫുട്‌ബോൾ മൈ സോൾ' (ഫുട്‌ബോൾ എന്റെ ആത്മാവ്). ഇ.എം.ഇയുടെയും വാസ്‌കോയുടെയും ഓർകേ മിൽസിന്റെയും പ്രതിരോധഭടൻ. മലയാളത്തിന്റെ ആദ്യ ഫുട്ബാൾ സൂപ്പർ സ്റ്റാർ. ബൂട്ടഴിച്ചപ്പോൾ വിജയങ്ങളിലേക്ക് ദേശീയടീമുകളെ നയിച്ച, താരങ്ങളെ വാർത്തെടുത്ത ഗുരു. ചാലക്കുടി തുമ്പരത്തി ചാത്തുണ്ണിയ്ക്ക് വിശേഷണങ്ങളേറെ.


ശ്രീനാരായണ ഗുരുദേവനിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന കണ്ടുണ്ണിയുടെയും പാർവതിയുടെയും മകൻ ചാത്തുണ്ണി ചാലക്കുടി സ്‌കൂളിൽ പഠിക്കുമ്പോൾ അഞ്ചാം ക്‌ളാസിലാണ് ജൂനിയർ ടീം അംഗമാകുന്നത്. തൃശൂരിൽ നടന്ന ഇ.എം.ഇ ക്യാമ്പിലേക്ക് കൗമാരം വിടുമ്പോഴേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. പട്ടാളടീമിൽ ചാത്തുണ്ണിയെന്ന ഫുട്ബാളർ വളർന്നു.


എഴുപതിൽ സൈന്യത്തിൽ നിന്ന് മടങ്ങി. ഇ.എം.ഇ ചാത്തുണ്ണി പിന്നെ, വാസ്‌കോ ചാത്തുണ്ണിയായി, കോച്ച് ചാത്തുണ്ണിയായി.
75 ാം വയസിലും ഫുട്ബാളിന്റെ ആത്മാവ് തേടി അലയുന്ന ഒരു സ്‌കൂൾ ടീമിലെ കളിക്കാരനെപ്പോലെയാണ് ചാത്തുണ്ണി. ബോൾഭവൻ എന്ന് പേരിട്ട വീട്ടിൽ വിശാലമായ മുറ്റത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ കുട്ടികൾക്കായി ഗോൾപോസ്റ്റുണ്ട്. പോസ്റ്റിനുളളിലേക്ക് പന്തടിച്ച് കയറ്റുന്ന കുട്ടികൾക്ക് ഇപ്പോഴും കളിയറിവ് പറഞ്ഞുനൽകും. എല്ലാം പന്തുമയമാണ് ഈ വീട്ടിൽ. വീടിന്റെ ഗേറ്റിലും ജനലയിലും ഇരുമ്പ് പന്തുകൾ. അലങ്കാരവസ്തുക്കളായും ചായ ഗ്‌ളാസായുമെല്ലാം പന്ത് കാണാം. സ്വീകരണ മുറിയിൽ റൊണാൾഡോയും റൊണാൾഡീഞ്ഞോയും പെലെയും മെസിയും. അതെ, ഫുട്ബാൾ ആത്മാവാണ് ചാത്തുണ്ണിയേട്ടന്...

................

ഒരു മോഹം മാത്രം, ''മരിച്ചാൽ എനിക്ക് റീത്ത് വേണ്ട, പന്ത് കൊണ്ടുവന്നാൽ മതി. അത് കുട്ടികൾക്ക് കളിക്കാൻ കൊടുക്കാമല്ലോ. പിന്നെ ഒരാഗ്രഹവുമുണ്ട്, ചാലക്കുടിയിൽ വലിയൊരു മൈതാനം.''

ചാത്തുണ്ണി.

..................

പ്രമുഖശിഷ്യർ:

ഐ.എം വിജയൻ

വി.പി. സത്യൻ

സി.വി. പാപ്പച്ചൻ

ജോ പോൾ അഞ്ചേരി

ചാത്തുണ്ണി @ കളിക്കാരൻ:

സന്തോഷ് ട്രോഫിയിൽ സർവീസസ്, ഗോവ, മഹാരാഷ്ട്ര, ദേശീയ ക്ലബുകൾ. ( മർദേക ടൂർണ്ണമെന്റിലും

ജർമനി, റഷ്യ തുടങ്ങിയ ടീമുകൾക്കെതിരെ ഇന്ത്യൻ ഇലവന്റെ ഭാഗമായും കളിച്ചു)

ചാത്തുണ്ണി @ പരിശീലകൻ:

കേരള പൊലീസ്, എം.ആർ.എഫ് ഗോവ, ചർച്ചിൽ ഗോവ, കെ.എസ്.ഇ.ബി, സാൽഗോക്കർ, മോഹൻ ബഗാൻ, ഡെമ്പോ ഗോവ, എഫ്.സി കൊച്ചിൻ, വിവ കേരള, ഗോൾഡൻ ത്രെഡ്‌സ്, ജോസ്‌കോ, എഫ്.സി, വിവ ചെന്നൈ. (ഫെഡറേഷൻ കപ്പിൽ 1990 ൽ കേരള പൊലീസിന് കിരീടം നേടിക്കൊടുത്തത് വഴിത്തിരിവ്.)

'ഫുട്‌ബോൾ മൈ സോൾ' പ്രകാശനം:

സാഹിത്യ അക്കാഡമി ഹാളിൽ ഇന്ന് വൈകിട്ട് 4 ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് പ്രകാശനം ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടി.കെ ചാത്തുണ്ണി 50,000 രൂപയുടെ ചെക്ക് കൈമാറും. ബ്രൂണോ കുട്ടിനോ, സി.വി പാപ്പച്ചൻ, ഇന്ത്യൻ ടീം ഫിസിയോ തെറാപ്പിസ്റ്റ് ഡോ. ജിജി ജോർജ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകും.