തൃശൂർ: അശാസ്ത്രീയമായ പാലം, ബണ്ട് നിർമ്മാണങ്ങളും കുളങ്ങളിലെയും പുഴകളിലെയും പാടശേഖരങ്ങളിലെയും കുളവാഴ, ചണ്ടി എന്നിവ യഥാസമയം നീക്കം ചെയ്യാത്തതും നഗരത്തിലും പരിസരപ്രദേശങ്ങളിലും ദിവസങ്ങൾ നീണ്ട വെള്ളക്കെട്ടിന് കാരണമായതിൽ പ്രതിഷേധം ശക്തമാകുന്നു.
വെളളക്കെട്ട് മനുഷ്യനിർമ്മിതമെന്ന ആരോപണവുമായി കോൺഗ്രസ് പരാതി നൽകി. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നും വരും വർഷങ്ങളിൽ സംഭവിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ്, മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്കും പരാതി നൽകിയത്.
നഗരത്തിലെ വെള്ളക്കെട്ടിനു കാരണമായത് കോൾമേഖലയിലെ കാനകൾ, ബണ്ട്, പാലങ്ങൾ, ഏനാമാവ് വളയം കെട്ട് എന്നിവയുമാണെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഒരാഴ്ചയോളം ശക്തിയായി പെയ്ത മഴയിൽ തൃശൂർ നഗരവും പരിസരപ്രദേശങ്ങളും കഴിഞ്ഞ പ്രളയകാലത്തെപ്പോലെ വെള്ളത്തിലായി. അയ്യന്തോൾ പഞ്ചിക്കലിലെയും, ഏനാമാക്കൽ ബണ്ടിലെ വളയംകെട്ടുകളും മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ ഇടപെടലിനെ തുടർന്ന് പൊളിച്ചു നീക്കിയായിരുന്നു വെള്ളക്കെട്ട് ഒഴിവാക്കിയത്.

തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ എ.പ്രസാദ് ആണ് ആരോപണവുമായി മന്ത്രിക്ക് പരാതി അയച്ചത്.

അയ്യന്തോൾ പഞ്ചിക്കലിലെ വെള്ളക്കെട്ടിന് കാരണമായ, അശാസ്ത്രീയമായി നിർമ്മിച്ച പാലത്തോട് ചേർന്നുള്ള ബണ്ട് പ്രസാദിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ മുയർത്തിയാണ് പൊട്ടിച്ചത്.

ക്യാമ്പുകളിൽ മുന്നിൽ തൃശൂർ

സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളിലും അംഗങ്ങളുടെ എണ്ണത്തിലും തൃശൂർ ജില്ലയായിരുന്നു മുന്നിൽ. ആദ്യദിനങ്ങളിൽ ജില്ലയിൽ മുന്നൂറോളം ക്യാമ്പുകളാണ് പ്രവർത്തിച്ചത്. വെള്ളക്കെട്ട് ഒഴിവാക്കിയതോടെ ഇത് 145 ആയി. നഗരത്തിൽ മാത്രം 19 ദുരിതാശ്വാസ ക്യാമ്പുകളായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇനിയുള്ളത് അഞ്ച് ക്യാമ്പുകളാണ്. ഇതും അടുത്ത ദിവസങ്ങളിൽ അവസാനിപ്പിക്കാനായേക്കും. തൃശൂർ നഗരത്തിലെ മഴവെള്ളം ഒഴുകിപോകാത്തത് മൂലം വെള്ളക്കെട്ട് ഉണ്ടായി. നിരവധി സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറി താമസിക്കേണ്ടിവന്നു. കഴിഞ്ഞ വർഷവും ഈ വർഷവും മാത്രമാണ് ഈ ഗുരുതരസാഹചര്യമുണ്ടായത്.

മുങ്ങിയ ദേശങ്ങൾ

പെരിങ്ങാവ്, ചെമ്പൂക്കാവ്, പൂങ്കുന്നം, അയ്യന്തോൾ, ഉദയനഗർ, മൈത്രി പാർക്ക്, പ്രിയദർശിനി ഹൗസിംഗ് കോളനി, അയ്യന്തോൾ, ചേറ്റുപുഴ, പുല്ലഴി

പരാതിയിലെ ആവശ്യങ്ങൾ:

കോൾമേഖലയിലെ കാനകൾ അനധികൃതമായി നികത്തിയിട്ടുള്ളത് പൂർവസ്ഥിതിയിലാക്കുക.
ആശുപത്രികൾ, വൻകിട ഫ്‌ളാറ്റുകൾ എന്നിവയിലെ മലിനജലം കോൾമേഖലയിലെ കാനകളിലേക്ക് ഒഴുക്കാതിരിക്കുക.
കോൾമേഖലയിലെ ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ നിർമ്മിച്ച അശാസ്ത്രീയ ബണ്ടുകൾ, പാലങ്ങൾ എന്നിവ പരിശോധിക്കുക.
ഒഴുക്ക് തടസപ്പെടുത്തിയ മണ്ണ്, കുളവാഴ, ചണ്ടി എന്നിവ മഴക്കാലത്തിന് മുമ്പായി ഒഴുക്കിക്കളയാൻ നടപടിയെടുക്കുക.
മഴവെള്ളം കടലിലേക്ക് ഒഴുകിപോകുന്ന ഏനാമാവ് വളയം ബണ്ട് കെട്ടുന്നതും പൊട്ടിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാർഗനിർദ്ദേശം നൽകുക.
മഴക്കാലത്ത് വെള്ളം കടലിലേക്ക് ഒഴുക്കിവിട്ട് തൃശൂർ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക