കയ്പ്പമംഗലം: ചെന്ത്രാപ്പിന്നി ഹലുവതെരുവിൽ നിന്ന് മൂന്ന് പോത്തുകൾ മോഷണം പോയതായി പരാതി. മധുരംപിള്ളി സ്വദേശികളായ തുപ്പുണത്ത് സുനിലിന്റെ രണ്ട് പോത്തുകളും, തൈവളപ്പിൽ സുരേന്ദ്രന്റെ ഒരു പോത്തുമാണ് മോഷണം പോയത്. കനത്ത മഴയിൽ വീട്ടിലും പറമ്പിലും വെള്ളം കയറിയതിനെ തുടർന്ന് സുനിലിന്റെയും സുരേന്ദ്രന്റെയും കുടുംബം സ്‌കൂളിലെ ക്യാമ്പിലേക്ക് മാറുകയും, ആറ് പോത്തുകളെ ഹലുവ തെരുവ് മദ്രസക്കടുത്തുള്ള പറമ്പിലേക്ക് മാറ്റി കെട്ടുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ പറമ്പിലെത്തിയപ്പോഴാണ് പോത്തുകളെ കാണാതായത്. തൊട്ടടുത്ത വീട്ടിലെ സി.സി ടി.വിയിൽ പോത്തിനെ അഴിച്ചു കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ശനിയാഴ്ച അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം. പരാതിയെ തുടർന്ന് കയ്പ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.