തൃശൂർ: കുറഞ്ഞസമയത്തിൽ പ്രത്യേക പ്രദേശത്ത് അനുഭവപ്പെടുന്ന അതിതീവ്രമഴയുടെ കാരണങ്ങളും പ്രവചനങ്ങളും അവ്യക്തമായി തുടരുമ്പോഴും, കനത്ത വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാനുളള ശ്രമങ്ങളില്ല.

അശാസ്ത്രീയമായ പാലം, ബണ്ട് നിർമ്മാണങ്ങളും കുളങ്ങളിലെയും പുഴകളിലെയും കുളവാഴ, ചണ്ടി, മാലിന്യം എന്നിവയും തൃശൂർ അടക്കമുളള നഗരങ്ങളിൽ അടക്കം വീണ്ടും കനത്ത വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന ആശങ്കയും ഒഴിയുന്നില്ല.
വെള്ളക്കെട്ട് മനുഷ്യനിർമ്മിതമെന്ന ആരോപണവുമായി കോൺഗ്രസ്, മന്ത്രി കെ. കൃഷ്ണൻകുട്ടിക്കും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്കും പരാതി നൽകിയെങ്കിലും നടപടികളായില്ല. നഗരത്തിലെ വെള്ളക്കെട്ടിനു കാരണമായത് കോൾമേഖലയിലെ കാനകൾ, ബണ്ട്, പാലങ്ങൾ, ഏനാമാവ് വളയം കെട്ട് എന്നിവയുമാണെന്ന് കർഷകരുടെയും നാട്ടുകാരുടെയും പരാതി ഉയർന്നിരുന്നു. ഒരാഴ്ചയോളം ശക്തിയായി പെയ്ത മഴയിൽ തൃശൂർ നഗരവും പരിസരപ്രദേശങ്ങളും കഴിഞ്ഞവർഷത്തെ പ്രളയകാലത്തെപ്പോലെ വെള്ളത്തിൽ മുങ്ങിയിരുന്നു. കുളവാഴകളും മാലിന്യങ്ങളും നീക്കം ചെയ്ത് താത്കാലികമായി പരിഹരിച്ചെങ്കിലും ജനവാസമില്ലാത്ത ഉൾപ്രദേശങ്ങളിലെ ബണ്ടുകൾ ഇനിയും വൃത്തിയാക്കിയിട്ടില്ല. വെള്ളക്കെട്ട് ഒഴിഞ്ഞെങ്കിലും നഗരത്തിൻ്റെ സമീപപഞ്ചായത്തുകളിലെ തണ്ണീർത്തടങ്ങളിലും ഇത്തരം പ്രശ്നങ്ങളുണ്ട്. അവിടെ വെള്ളക്കെട്ട് ഉയർന്നാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും മുങ്ങും. അതുകൊണ്ടു തന്നെ പഞ്ചായത്തുകളുടെയും കോർപറേഷൻ്റേയും ഭരണനേതൃത്വം ഒന്നിച്ച് ശ്രമിച്ചാൽ മാത്രമേ ശാശ്വതപരിഹാരമുണ്ടാകൂവെന്നാണ് കർഷകർ പറയുന്നത്.

സ്വാഭാവിക വഴികൾ അടഞ്ഞു.
സ്വാഭാവികമായി വെള്ളം ഒഴുകിപ്പോകുന്ന വഴികൾ അടഞ്ഞതാണ് വെള്ളക്കെട്ടിലേക്ക് വഴി തെളിയിക്കുന്ന പ്രധാന കാരണം. തോടുകള്‍, ചാലുകള്‍, കനാലുകള്‍ എന്നിവയ്ക്ക് പകരം മനുഷ്യനിർമ്മിതബണ്ടുകളായി. വെള്ളം സുഗമമായി ഒഴുകി പുഴകളിലേക്കും കായലുകളിലേക്കും കടലിലേക്കും എത്തിച്ചേരാതെയായി. ചാലുകളില്‍ പ്ലാസ്റ്റിക്, തുണി, മണ്ണ്, ഗാര്‍ഹിക മാലിന്യങ്ങള്‍ എന്നിവ അടിഞ്ഞു കൂടിയതും പ്രശ്നമായി.

പഠനങ്ങൾ വേണം

''അതിതീവ്രമഴയെക്കുറിച്ച് വിശദമായ പഠനങ്ങൾ നടക്കേണ്ടതുണ്ട്. അത്തരം മഴകളുടെ എണ്ണം കൂടുന്നുണ്ട്. കാലാവസ്ഥാവ്യതിയാനം മാത്രമാണ് കാരണമെന്ന് പറയാനാകില്ല. പ്രകൃതിയോടുളള സമീപനങ്ങളും പ്രധാനമാണ്.''

-ഡോ. സി.എസ്. ഗോപകുമാർ, കാലാവസ്ഥാ ഗവേഷകൻ

ഒരേദിവസം

2018 ആഗസ്റ്റില്‍ ഒറ്റ ദിവസംകൊണ്ട് 400 മി. മീ അതിതീവ്ര മഴ ലഭിച്ചത് നിലമ്പൂരായിരുന്നു. 2019 ആഗസ്റ്റില്‍ ഒറ്റ ദിവസത്തിനുള്ളില്‍ അത്ര തന്നെ അതിതീവ്ര മഴ ലഭിച്ചത് ആലത്തൂരും. മഴ ഒന്നിച്ച് ലഭിച്ചപ്പോള്‍ സ്വാഭാവികമായും പ്രളയ സാഹചര്യം ഉണ്ടാവുകയും ചെയ്തു. മുന്‍കാലങ്ങളില്‍ ഒറ്റ ദിവസത്തിനുള്ളില്‍ 100 മില്ലി മീറ്ററിലധികം മഴ ലഭിക്കുന്നത് കുറവയായിരുന്നു.

അതിതീവ്രമഴ:

'മേഘവിസ്‌ഫോടന'ത്തിൻ്റെ പ്രകൃതം

വരുംകാലങ്ങളിലും ഏറുന്നതിന് സാദ്ധ്യത

കനത്ത വെള്ളക്കെട്ടിനും പ്രളയത്തിനും വഴിവയ്ക്കുന്നു

മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും കാരണമാകുന്നു