kda-ambanoli-vellachattam
അമ്പനോളിയിലെ വെള്ളച്ചാട്ടം

കോടാലി: കാട്ടരുവിയിലെ പാറക്കെട്ടിൽ തട്ടിച്ചിതറി വീഴുന്ന വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നുകരാനും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ തണുപ്പ് ആസ്വദിക്കാനും നിരവധി പ്രകൃതി സ്‌നേഹികളെത്തുന്നു. മറ്റത്തൂർ പഞ്ചായത്തിലെ കൊടുങ്ങക്കു സമീപം മലയോര പ്രദേശമായ അമ്പനോളിയിലാണ് സഞ്ചാരികളെ വശീകരിക്കുന്ന ഈ നയനമനോഹര കാഴ്ച. മഴ തുടങ്ങിയാൽ ഈ വെള്ളച്ചാട്ടത്തിനും ജീവൻ വയ്ക്കും. ദൂരദിക്കുകളിൽ നിന്നും ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ നിരവധിയാളുകൾ ഇവിടേക്കെത്തുന്നുണ്ട്.

കാട്ടരുവിയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പാറയിൽ വീണ് ചിതറി തെറിച്ച് വീഴുന്നതു കാണാൻ പ്രത്യേക ഭംഗിയാണ്. മുപ്പത്തഞ്ചടിയോളം ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം മുത്തുമണി കണക്കെ ചിതറി തെറിക്കും. വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗം ഒരു ജലാശയമായി രൂപാന്തരപ്പെട്ടിരിക്കുന്നതിനാൽ ഇവിടെ എത്തുന്നവർക്ക് കുളിക്കാനും സൗകര്യവുമുണ്ട്. പണ്ടൊക്കെ വെള്ളച്ചാട്ടത്തിൽ നിന്നെത്തുന്ന വെള്ളം ഒഴുകുന്ന ഈ ചെറു തോട്ടിലൂടെ തന്നെയായിരുന്നു ആളുകൾ ഇവിടേക്ക് എത്തിയിരുന്നത്. നൂറുമീറ്ററോളം വഴി അൽപം മോശമാണെങ്കിലും സ്വകാര്യ വ്യക്തിയുടെ റോഡിലൂടെ വാഹനത്തിൽതന്നെ വെള്ളച്ചാട്ടത്തിനരികിലെത്താനാകും. കിഴക്കെ കോടാലി കൊടുങ്ങ എന്നിവിടങ്ങളിൽനിന്നും ഒന്നരകിലോമീറ്ററോളം സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിനരികിലെത്താം.