ചാവക്കാട്: ചേറ്റുവ പാലത്തിൽ ടാർ ഇളകി കോൺക്രീറ്റ് കമ്പികൾ പുറത്തായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ. കുഴികൾ രൂപപ്പെട്ടിട്ടും തകർന്നും കിടക്കുന്ന ഭാഗങ്ങൾ നന്നാക്കാൻ വിവിധ സംഘടനകൾ പല തവണ ആവശ്യപ്പെട്ടിട്ടും എൻ.എച്ച് ഉദ്യോഗസ്ഥന്മാർ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ഒന്നര വർഷം മുൻപ് മൂന്ന് കോടി രൂപ ചെലവിൽ പാലം പുതുക്കി പണിതിരുന്നു. ദീർഘവീക്ഷണമില്ലാത്ത പണിതതാണ് ഇങ്ങനെ തകരുവാൻ കാരണമായത്. തകർന്ന ഭാഗങ്ങൾ എത്രയും പെട്ടെന്ന് അറ്റകുറ്റപണി ചെയ്ത് അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.