പുതുക്കാട്: പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപമുള്ള പ്രധാന ഗേറ്റ് തകരാറിലായി അടഞ്ഞു കിടന്നത് മണിക്കൂറുകളോളം. ശനിയാഴ്ച രാത്രി പത്തോടെയാണ് ഗേറ്റ് തകരാറിലായത്. ഞായറാഴ്ച രാവിലെ വരെ ഗേറ്റ് അടഞ്ഞു കിടന്നു. ഇതോടെ പുതുക്കാട് ഇരിങ്ങാലക്കുട ഊരകം റൂട്ടിൽ വാഹന ഗതാഗതം പൂർണ്ണമായി നിലച്ചു. ഇത് അറിയാതെ പുതുക്കാട് ജംഗ്ഷനിൽ നിന്നും വരുന്ന വാഹനങ്ങൾ ഗേറ്റിനു സമീപം തിരിച്ചു പോകാൻ ശ്രമിക്കുന്നത് ഗതാഗത കുരുക്കിന് കാരണമായി. പുതുക്കാട് ജംഗ്ഷനിലും പാഴായി ജംഗ്ഷനിലും റോഡ് തടസമാണ് എന്ന അറിയിപ്പ് പ്രദർശിപ്പിച്ചാൽ പ്രശ്‌നം ഒഴിവാക്കാമായിരുന്നെന്ന് യാത്രക്കാർ പറയുന്നു. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംവിധാനം ഉണ്ടാക്കണമെന്ന് റയിൽവെ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.