പാവറട്ടി: ഏനാമ്മാവ് റഗുലേറ്ററിന് സമീപത്തെ നേവിഗേഷൻ ഗേറ്റ് വീണ്ടും തുറന്നു. അടുത്ത കാലത്തായി കഴിഞ്ഞ വർഷത്തെ പ്രളയ സമയത്താണ് തുറന്ന് വെള്ളം കളഞ്ഞത്.
ഷട്ടറിന്റെ അടിയിൽ സുഷിരങ്ങളില്ലാത്തതിനാൽ പണ്ട് കാലത്ത് വളയം കെട്ട് ഇല്ലായിരുന്നു. പിന്നീട് ഉപ്പ് വെള്ളം കയറുന്നതിനാലാണ് വളയം കെട്ട് വന്നത്. ഇതിനിടയിൽ വർഷങ്ങൾക്ക് മുൻപ് ഷട്ടറുകൾ പുതുക്കിയിരുന്നു. റഗുലേറ്ററിന് പതിനഞ്ച് ഷട്ടറുകൾ ഉണ്ട്. കൂടാതെ നാവിഗേഷൻ ഗേറ്റിന് ഒന്നും. ആകെ 16 മോട്ടോറുകൾ ഉണ്ടായിരുന്നത് കേടു വന്നതിനെ തുടർന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ റിപ്പയറിന് കൊണ്ടുപോയത് നന്നാക്കി ഇതുവരെ കൊണ്ടു വന്നിട്ടില്ല. പതിനായിരക്കണക്കിന് ഏക്കർ നെൽക്കൃഷി സംരക്ഷിക്കാൻ നല്ല സുരക്ഷിതമായ റഗുലേറ്ററും സ്ഥിരം തടയണയും വേണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്. ഈ വർഷത്തെ അനുഭവം പാഠമായി ഉൾക്കള്ളൊണമെന്നും നാട്ടുകാർ പറയുന്നു.
നാൽപതിനായിരം മനുഷ്യരാണ് സമയത്തിന് വളയം കെട്ട് പൊട്ടിക്കാതെ വന്നതിനാൽ ദുരിതത്തിലായത്. നിരവധി വീടുകളും മുങ്ങി. പലതും തകർന്നു. റോഡ് ഗതാഗതം തടസപെട്ടു. മനുഷ്യ ജീവനും നഷ്ടപ്പെട്ടു. വളയം കെട്ട് കരാറുകാർ നിബന്ധനങ്ങൾ പാലിക്കണം. ജൂൺ അവസാന സമയത്ത് വളയം കെട്ട് മുഴുവൻ നീക്കം ചെയ്യണം. കൃഷിക്ക് ആവശ്യമായ വെള്ളം കോൾ കനാലിലും പടവുകളിലും ഉണ്ടാകുമെന്ന് ഉറപ്പുണ്ടാക്കണം. അതിന് ചളി നിറഞ്ഞ് കിടക്കുന്ന എല്ലാ തോടുകളും, നീർചാലുകളും ചളി കോരി വൃത്തിയാക്കണം. നീരൊഴുക്ക് തടസപ്പെടുത്തുന്ന ചണ്ടി, കുളവാഴ എന്നിവ സമയാസമയങ്ങളിൽ എടുത്ത് മാറ്റണമെന്നും കർഷകർ ആവശ്യപ്പെട്ടു.
................
കറ്റ കയറ്റിയ വഞ്ചികൾക്ക് കടന്നുപോകാനൊരു മാർഗം
പണ്ട് കാലത്ത് കോൾ പാടത്തേക്ക് വാഹന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. അക്കാലത്ത് കോളിൽ കൊയ്ത്ത് കഴിഞ്ഞാൽ വലിയ വഞ്ചിയിലാണ് കൊയ്ത്ത് കറ്റകൾ മെയിൻ ചാലിലൂടെ കൊണ്ടുവരിക. ഈ വഞ്ചികൾക്ക് അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോകാനാണ് റഗുലേറ്ററിന്റെ ഏറ്റവും വടക്ക് ഭാഗത്തുള്ള ഷട്ടറിന് സമാന്തരമായുള്ള നാവിഗേഷൻ ലോക്ക് അഥവാ ഗേറ്റ് നിർമ്മിച്ചത്. വഞ്ചികളിൽ കൊയ്ത്ത് കറ്റകളുമായി ഏനമ്മാവ് കായലിലൂടെ കനോലി കനാലിലെത്തി ഏങ്ങണ്ടിയൂർ, മണലൂർ, വാടാനപ്പള്ളി, തൊയക്കാവ് ഭാഗത്തെ കൃഷിക്കാരുടെ വീടിനടുത്തുള്ള കടവുകളിൽ ഇറക്കും. പിന്നീട് തല ചുമടായും ലോറികളിലും വീടുകളിലേക്കും കൊണ്ടു പോകും. ചില സീസണിൽ ഷട്ടറും ഗേറ്റും തുറക്കാൻ സാധിക്കാതെ വരുമ്പോൾ കറ്റ കയറ്റിയ വഞ്ചി ഫേയ്‌സ് കനാലിനരികിൽ എത്തിച്ച് അവിടെ നിന്ന് കറ്റകൾ എടുത്ത് മറുവശത്ത് കൊണ്ടുവന്ന് വഞ്ചിയിൽ കയറ്റിയും കൊണ്ടുപോയിരുന്നു.
..........
ആദ്യകാലത്ത് ഷട്ടറുകൾ മോട്ടോർ സഹായത്താൽ നിമിഷങ്ങൾക്കുള്ളിൽ തുറക്കാൻ സാധിച്ചിരുന്നു
പട്ടത്ത് രാജൻ (റഗുലേറ്ററിന് സമീപത്തെ മത്സ്യത്തൊഴിലാളി)