കൊടുങ്ങല്ലൂർ: പ്രകൃതി ദുരന്തത്തിനിരയായ കവളപ്പാറയിലേക്ക് അഴീക്കോട് നിന്നും രക്ഷാ പ്രവർത്തനത്തിനായി പുറപ്പെട്ട ഏഴംഗസംഘം അഞ്ച് ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് നാട്ടിൽ തിരികെയെത്തി. 11 മൃതദേഹം കണ്ടെത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇവർക്ക് നാട്ടുകാർ വീരോചിത വരവേൽപ്പ് നൽകി. ഈ സംഘം അമ്മയും കുഞ്ഞും കെട്ടിപ്പിടിച്ചു കിടക്കുന്ന മൃതദേഹവും മലയുടെ മുകളിൽ പാറയിടുക്കിൽ കിടന്നിരുന്ന ദേവയാനിയുടെ മൃതദേഹവും അതിസാഹസികമായാണ് പുറത്തെടുത്തത്.

ഈ സംഘത്തിലെ ഹാരിസിനെ റോപ്പിൽ കെട്ടി പാറയുടെ ഇടുക്കിലേക്ക് ഇറക്കി നടത്തിയ തിരച്ചിലിലാണ് ഇത് സാദ്ധ്യമായത്. കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചപ്പോൾ മുഖ്യമന്ത്രി നേരിട്ട് പ്രശസ്തിപത്രം നൽകിയത് ഇതേ ഹാരിസിന്റെ സഹോദരനായ ഷിഹാബിന് ആയിരുന്നു. അസുഖബാധിതനായതിനാൽ ഇക്കുറി ഷിഹാബിന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങാനായില്ല. പള്ളിപ്പറമ്പിൽ അബ്ദുറഹ്മാൻ മകൻ ഹാരിസ്, സഹോദരൻ ഫൈസൽ, പൊയ്‌ലിങ്ങൽ കുഞ്ഞുമൊയ്തീൻ മകൻ റാഫി, നടുമുറി ഇബ്രാഹിംകുട്ടി മകൻ ഷിയാസ്, ഏറംപുരയ്ക്കൽ രാജൻ മകൻ ഷാജി, കാര കല്ലുങ്ങൽ ബക്കർ മകൻ മുഹമ്മദ് റാഫി, അഴീക്കോട് പൂവത്തിങ്കൽ അഷ്‌റഫ് മകൻ അക്രം അഴീക്കോട് എന്നിവരുൾപ്പെട്ട സംഘത്തെ ഇ.ടി. ടൈസൻമാസ്റ്റർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹൻ തുടങ്ങിയവർ ചേർന്ന് ഹാരാർപ്പണം നടത്തിയാണ് വരവേറ്റത്..