കൊടുങ്ങല്ലൂർ: പ്രളയബാധിതർക്കായി സഹായ അഭ്യർത്ഥനയുമായെത്തിയ ജനപ്രതിനിധികൾക്ക് വാരിക്കോരി കൊടുത്ത് ടെക്‌സ്റ്റൈൽസ് ഉടമ അമ്പരപ്പിച്ചു. എറിയാട് അത്താണിയിലെ അനന്യ ടെക്‌സ്റ്റൈൽസ് ഉടമ അനിൽകുമാറാണ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ വിഭവസമാഹരണത്തിനെത്തിയ സംഘത്തെ അമ്പരപ്പിച്ചത്.
ഔദ്യോഗികമായി കൊടുങ്ങല്ലൂരിൽ ആരംഭിച്ചിട്ടുള്ള കളക്ഷൻ സെന്ററിലേക്ക് വിഭവ സമാഹരണത്തിന് അഭ്യർത്ഥിച്ച് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റിൽ 'കുറച്ച് വസ്ത്രം ഉണ്ട് വന്നാൽ തരാം' എന്ന് അനിൽ കമന്റിട്ടിരുന്നു. ഇത് പ്രകാരം വസ്ത്രം വാങ്ങാൻ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയും, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ തുടങ്ങിയവരും അനന്യ ടെക്‌സ്‌റ്റൈൽസിൽ എത്തി. ആവശ്യമുള്ളത്രയും ഡ്രസ് എടുത്തോളൂ എന്നായിരുന്നു അനിൽകുമാറിന്റെ പ്രതികരണം. ഇതോടെ എത്ര എടുക്കണമെന്ന കാര്യത്തിൽ ഇവർക്ക് ആശയക്കുഴപ്പമായി. അവസാനം ഒരു ഇന്നോവ കാറിൽ കൊള്ളാവുന്നത്ര വസ്ത്രങ്ങൾ അനിൽകുമാർ തന്നെ നൽകി. ഈ വിവരം എം.എൽ.എ തന്നെ അനിലിന്റെ 9387575225 എന്ന ഫോൺ നമ്പർ സഹിതം പോസ്റ്റിട്ടതോടെ നേരിട്ടെത്തിയും ഫോണിൽ വിളിച്ചും പലരും അനിലിനെ അഭിനന്ദിച്ചു.