തൃശൂർ: സ്വന്തം വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടായിട്ടുളള കനത്ത നഷ്ടം വകവെയ്ക്കാതെ ജില്ലയിലുടനീളം ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും വെളളവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്ന ഹോട്ടലുടമകളെ ബക്കറ്റ് പിരിവിന്റെ പേരിൽ രാഷ്ട്രീയസംഘടനകൾ ഉപദ്രവിക്കരുതെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയരുന്നത്. മലപ്പുറം, വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിൽ സംഘടന നേരിട്ടു തന്നെ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് ഒരു കോടിയിലേറെ രൂപയാണ് സംഘടന നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വ്യാപാരസ്ഥാപനങ്ങളിൽ അനുകൂല വ്യാപാരസാഹചര്യം ഉണ്ടാകാൻ രണ്ട് മാസമെങ്കിലും വേണമെന്നിരിക്കേ അതുവരെ വ്യാപാരികളിൽ നിന്നും സംഭാവനകൾ പിരിക്കുന്നത് നിറുത്തിവെയ്ക്കണമെന്നും പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കളായ ജി.കെ. പ്രകാശ്, സി. ബിജുലാൽ, സുന്ദരൻനായർ, അമ്പാടി ഉണ്ണികൃഷ്ണൻ, എൻ.കെ. അശോക് കുമാർ, എം. ശ്രീകുമാർ, ടി.പി. സലിം, പി.എസ്. ബാബുരാജ് എന്നിവർ പ്രസംഗിച്ചു.