കൊടുങ്ങല്ലൂർ: കേരള ലോട്ടറിക്ക് ജി.എസ്.ടി ഏർപ്പെടുത്തുന്നതിനുള്ള നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും മത്സ്യബന്ധന യാനങ്ങളുടെ വർദ്ധിപ്പിച്ച ലൈസൻസ് ഫീസ് പിൻവലിക്കണമെന്നും സി.ഐ.ടി.യു കൊടുങ്ങല്ലൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നിയമ ഭേദഗതി ബിൽ ഓർഡിനൻസ്, തൊഴിൽ സുരക്ഷ പൂർണ്ണമായും ഇല്ലാതാക്കുന്നതാണെന്നും ഈ ബില്ലുമായി മുന്നോട്ട് പോകരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി യു.പി. ജോസഫ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബാബു എം. പാലിശ്ശേരി, കെ.വി. പീതാംബരൻ, ലതാചന്ദ്രൻ, പാർട്ടി ഏരിയാ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ, ജില്ലാ കമ്മിറ്റി അംഗം കെ.വി രാജേഷ് എന്നിവർ സംസാരിച്ചു. ടി.കെ റാഫിയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ സ്വാഗതവും മുഷ്താഖ് അലി നന്ദിയും പറഞ്ഞു. ഭാരവാഹികളായി മുഷ്താഖ് അലി (പ്രസിഡന്റ്), എ.എസ്. സിദ്ധാർത്ഥൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു