മാള: എക്കാലത്തെയും ദുരിതാശ്വാസ കേന്ദ്രമായ എരവത്തൂർ എസ്.കെ.വി.എൽ.പി.സ്‌കൂൾ ദുരിതമൊഴിയാതെ അവഗണനയുടെ നെരിപ്പോടിൽ വീർപ്പുമുട്ടുന്നു. ഓരോ വർഷവും ഒന്നിലധികം തവണ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് അസൗകര്യങ്ങളുടെ തടവറയായാണിപ്പോൾ.
മാള മേഖലയിൽ ആദ്യം ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതും അവസാനം ഒഴിയുന്നതും ഇവിടെയാണ്. കഴിഞ്ഞ വർഷം പ്രളയം അടക്കം മൂന്ന് തവണയാണ് ഈ എൽ.പി സ്‌കൂളിൽ ക്യാമ്പ് തുടങ്ങിയത്. മാള മേഖലയിൽ ഏറ്റവും കുറഞ്ഞ സൗകര്യത്തിൽ കൂടുതൽ ആളുകൾ എത്തിയത് ഈ ക്യാമ്പിലാണ്. കൊച്ചുകടവ്, പള്ളിബസാർ, മേലാംതുരുത്ത്, പുലയംതുരുത്ത്, എരവത്തൂർ, മുളയ്ക്കാംപിള്ളി, ചീത്താംകുഴി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ആശ്രയം ഈ ദുരിതാശ്വാസ ക്യാമ്പായിരുന്നു.
പ്രളയത്തിൽ മുങ്ങിയ ഈ പ്രദേശങ്ങളിൽ നിന്ന് അന്ന് എരവത്തൂർ എൽ.പി സ്‌കൂളിലെ ക്യാമ്പിലേക്ക് എത്തിയത് 5195 പേരാണ്. ഇപ്പോഴത്തെ കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി 579 കുടുംബങ്ങളിൽ നിന്നായി 2228 പേരാണ് ക്യാമ്പിലെത്തിയത്. എന്നാൽ ഈ എൽ.പി.സ്‌കൂളിന്റെ അസൗകര്യം കാരണം നിരവധി പേരാണ് തൊട്ടടുത്ത എസ്.എൻ.ഡി.പി ശാഖയുടെയും പുറപ്പുള്ളിക്കാവ് ക്ഷേത്രത്തിന്റെയും ഹാൾ, വായനശാല, കപ്പേള എന്നിവിടങ്ങളിലേക്ക് താമസം മാറിയത്.
എങ്കിലും മുഴുവൻ പേർക്കും ഭക്ഷണം ഒരുക്കിയത് സ്‌കൂളിലെ പരിമിതമായ സൗകര്യങ്ങളിലാണ്. 93 വർഷത്തെ പഴക്കമുള്ള സ്‌കൂൾ കെട്ടിടത്തിൽ ചോർച്ച ഉണ്ടായെങ്കിലും ബലക്ഷയം ഇല്ലെന്നതാണ് ആശ്വാസമായുള്ളത്. ഈ വർഷം മഴയുടെ മുന്നോടിയായി ഉണ്ടായ കാറ്റിൽ ഓടുകൾ ഇളകിയതാണ് ചോർച്ചക്ക് ഇടയാക്കിയത്. ക്യാമ്പിന്റെ പ്രവർത്തനത്തെ ഇത് പ്രതികൂലമായി ബാധിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഇത്രയും വലിയ ക്യാമ്പ് ഒരുക്കുന്നതിന് തടസമാണ്.
എൽ.പി വിദ്യാലയമെന്ന നിലയിൽ രണ്ട് കുളിമുറികളും കുട്ടികളുടെ ശൗച്യാലയങ്ങളുമാണ് ഇവിടെയുള്ളത്. പ്രളയകാലത്ത് 19 ദിവസവും ഇപ്പോൾ 9 ദിവസവുമാണ് എസ്.കെ.വി.എൽ.പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിച്ചത്. അംഗവൈകല്യം ബാധിച്ചവർ വരെ ക്യാമ്പിൽ ഉണ്ടായിരുന്നെങ്കിലും അസൗകര്യം വലച്ചിരുന്നു. പാലിശേരി എസ്.എൻ.ഡി.പി ഗുരുദേവ സഭയുടെ കീഴിലുള്ള എരവത്തൂർ എസ്.കെ.വി.എൽ.പി. സ്‌കൂൾ ജീവനക്കാരും മാനേജ്‌മെന്റ് നേതൃത്വവും പി.ടി.എ.യും നാട്ടുകാരും ചേർന്നാണ് ക്യാമ്പിന് സൗകര്യങ്ങൾ ഒരുക്കിയത്.
വിദ്യാലയത്തിന്റെ സ്ഥലത്ത് സർക്കാർ പദ്ധതി തയ്യാറാക്കി സ്ഥിരം സംവിധാനം ഒരുക്കണമെന്നാണ് സ്‌കൂൾ അധികൃതരുടെയും നാട്ടുകാരുടെയും ആവശ്യം.