കൊടുങ്ങല്ലൂർ: ദേശീയ പാതയിൽ ടാർ റോഡ് താഴേക്ക് ഇടിഞ്ഞ് നഗരത്തിലെ തെക്കേ നടയിൽ രൂപപ്പെട്ട വലിയ ഗർത്തം പൊതുമരാമത്ത് വകുപ്പ് മൂടി. ജില്ലാ കളക്ടറുടെ നിർദ്ദേശം മാനിച്ചാണ് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയറുടെ നേതൃത്വത്തിൽ ഈ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ചത്. ഗർത്തത്തെക്കുറിച്ച് അറിഞ്ഞെത്തിയ നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ, ദേശീയ പാത അധികൃതരുമായും പിന്നീട് പൊതുമരാമത്ത് വിഭാഗവുമായും ബന്ധപ്പെട്ടെങ്കിലും റോഡ് തങ്ങളുടെ അധീനത്തിലുള്ളതല്ലെന്നായിരുന്നു ഇവരുടെ വാദം. ഇതേത്തുടർന്ന് അദ്ദേഹം കളക്ടറെ ബന്ധപ്പെടുകയായിരുന്നു. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തിന്റെ വാൽവിൽ നിന്ന് വെള്ളം മാസങ്ങളായി ലീക്ക് ചെയ്തിരുന്നതിനാൽ മണ്ണ് ഇളകിപ്പോയതാണ് റോഡ് തകരാൻ കാരണമായത്. കുടിവെള്ളം ലീക്ക് ചെയ്യുമ്പോൾ ജനങ്ങളും ജനപ്രതിനികളും അറിയിച്ചാൽ നടപടിയെടുക്കാതെ വൈകിക്കുന്നതാണ് പല ദുരന്തങ്ങൾക്കും കാരണമെന്ന് ചെയർമാൻ ജൈത്രൻ പറഞ്ഞു.