ചാലക്കുടി: ആവർത്തിച്ചു വരുന്ന വെള്ളപ്പൊക്ക ഭീഷണിയിൽ നിലനിൽപ്പു ഭീഷണി നേരിടുകയാണ് മേലൂർ ഡിവൈൻ ഡിപോൾ കോളനിയിലെ കുറേ വീടുകൾ. കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒരിക്കൽക്കൂടി ഇല്ലം കടക്കേണ്ടിവന്ന ഇവിടുത്തെ 42 കുടുംബങ്ങൾ അതിജീവനത്തിന്റെ പാതയിലാണ്. വീടുകളുടെ പകുതിയോളം വെള്ളമെത്തിയപ്പോൾ ഇവർ പതിവുപോലെ കല്ലുത്തിയിലെ സ്‌കൂളിലേയ്ക്ക് മാറി. ഒരുവർഷത്തിനിടെ ഇവരുടെ നാലാമത്തെ പാലായനം.
സൂര്യൻ ആകാശത്ത് സ്ഥിരമായി പ്രത്യക്ഷപ്പെട്ടിട്ടും ഈ വീട്ടുകാരുടെ ദുരിതം ഇനിയും ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം മൂന്നു തവണയാണ് തൊട്ടുത്തുകൂടി ഒഴുകുന്ന ചാലക്കുടിപ്പുഴ കോളനിയെ വിഴുങ്ങിയത്. പ്രളയത്തിലാകട്ടെ പുഴയും കോളനിയുമെല്ലാം ഒന്നായി. സാധാരണക്കാരായ ഇവർക്ക് സംഭവിച്ച നഷ്ടം ചെറുതല്ല. ഇക്കാലമത്രയും സ്വരുക്കൂട്ടിയതെല്ലാം പ്രളയം കവർന്നു. ഒന്നു കരകയറിവരുന്നതിനിടെയാണ് ഭീതിയുടെ തിരമാലപോലെ ഇക്കുറിയും മലവെള്ളമെത്തിയത്. ഫ്രിഡ്ജ്, ഫാൻ, മിക്‌സി, അലമാര അങ്ങനെ നിരവധി സാധനങ്ങൾ ഇക്കുറിയും വെള്ളത്തിലായി. പക്ഷെ, ഇതിലൊന്നുമല്ല ഇവരുടെ അങ്കലാപ്പ്. പലതവണകളിലെ വെള്ളത്തിന്റെ ആക്രമണത്തിൽ തങ്ങളുടെ വീടുകൾക്ക് നിലനിൽപ്പു ഭീഷിണി വന്നിട്ടുണ്ടെന്ന് ഇവർ ഭയക്കുന്നു. ഇനിയൊരു വെള്ളപ്പൊക്കത്തിനെ അതിജീവിക്കാൻ ഇവിടുത്തെ കൊച്ചു ഭവനങ്ങൾക്ക് കഴിയില്ലെന്ന പേടി സ്വപ്‌നം 52കാരനായ റെക്‌സിന്റെ വാക്കുകളിൽ പ്രകടമാണ്.
നഷ്ടപ്പെട്ട വീട്ടുപകരണങ്ങൾ കുറച്ചൊക്കെ വിവിധ മേഖലകളിൽ നിന്നെത്തി. പഞ്ചായത്തും റവന്യു വകുപ്പും സാമ്പത്തിക സഹായങ്ങളും നൽകി. എങ്കിലും മലവെള്ള ഭീഷിണി ഒരുകാലത്തും തങ്ങളെ വിട്ടൊഴിയില്ലെന്ന് ഇവർ ഉറച്ചു വിശ്വസിക്കുന്നു. ഈ കുടുംബങ്ങളെ പറിച്ചു നടുകയാണ് പ്രശ്‌നത്തിന് ഏക പരിഹാരമെന്ന നിർദ്ദേശം ഇപ്പോൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.
................................................
എത്രനാൾ ഇവിടെ, പുനഃരധിവസിപ്പിക്കണമെന്ന് ആവശ്യം
മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രം, ആശ്രിതർക്കായി രണ്ടു പതിറ്റാണ്ടു മുമ്പ് വടക്കേപ്പാട ശേഖരത്തിൽ വീടുകൾ നിർമ്മിക്കുമ്പോൾ ഇത്തരം വെള്ളപ്പൊക്ക ഭീഷണിയില്ലായിരുന്നു. ഏതാനും ദിവസത്തെ മഴയിലും പ്രളയമുണ്ടാകുന്ന ഇക്കാലത്ത് പാടം നികത്തി ഉണ്ടാക്കിയ ഈ കോളനിയാണ് അതിന്റെ ആദ്യത്തെ ഇര. പ്രളയകാലത്ത് വഞ്ചി തുഴഞ്ഞെത്തി രക്ഷാപ്രവർത്തനം നടത്തിയ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ഡി. തോമസ് മുന്നോട്ടു വയ്ക്കുന്നതും കോളനിയെ കുടുംബങ്ങളെ പുനഃരധിവസിപ്പിക്കണമെന്ന ആശയമാണ്. സാധാരണ ഭൂമിയിൽ നിന്നും പത്തടിയോളം താഴെ പുഴയുടെ ചാരത്ത് ഇവർ എത്രകാലം ഇങ്ങനെ മലവെള്ളത്തെ ഭയന്ന് ജീവിക്കുമെന്ന ചോദ്യം സർക്കാരിനും ഒപ്പം ഡിവൈൻ ധ്യാനകേന്ദ്രത്തിനും നേരെയാണ് ഉയരുന്നത്.