കൊടുങ്ങല്ലൂർ: അഴീക്കോട് മരപ്പാലം ഭാഗത്തെ ജനകീയ കൂട്ടായ്മ ദുരിത ബാധിതർക്കായി സ്വരൂപിച്ച ഗൃഹോപകരണം അടങ്ങിയ കിറ്റുകൾ കൽപ്പറ്റയിലെത്തിച്ചു. കഞ്ഞിക്കലം, ചായക്കോപ്പ, പ്ലേറ്റുകൾ, ഗ്ലാസ്, പുൽപ്പായ, തലയണ, അരി, സാരി എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ 100 കിറ്റുകളാണിവർ എത്തിച്ചത്. ഇന്നലെ രാവിലെ കൽപ്പറ്റയിലെത്തിയ സാധന സാമഗ്രികൾ എ.കെ ശശീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് നൽകി. മരപ്പാലം ഡി.വൈ.എഫ്.ഐ യൂണിറ്റും ബോധി സാംസ്‌കാരിക കൂട്ടായ്മയും ചേർന്ന് നടത്തിയ ഈ ജീവകാരുണ്യ പ്രവർത്തനത്തിന് വാർഡ് മെമ്പർ വിൽസി ബൈജു, സനീഷ്, സനൽ കുഴിക്കാട്ട് , റിയാസ്, ആൽബിൻ, രൂപേഷ്, സഹീൽ, ഷാലു, ഷംനാസ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ: പ്രളയത്തെ തുടർന്ന് ഒറ്റപ്പെട്ട് ആരോരും തിരിഞ്ഞ് നോക്കാതെ കിടന്ന അട്ടപ്പാടിയിലെ കിണ്ണക്കര, തടിക്കുണ്ട്, മുരുകള എന്നീ ഊരുകളിലേക്ക് പുല്ലൂറ്റ് മദർ ഇന്ത്യയുടെ സ്‌നേഹസ്പർശം. ഭവാനി പുഴയുടെ സമീപത്തെ ഈ ഊരുകളിലേക്ക് പൊലീസിന്റെ സഹായത്തോടെ മധുലയചിത്ര, എൻ.കെ റഷീദ്, പി. ബാബുരാജ്, വി.പി. അനിൽ കുമാർ, കെ. ശ്രീജിത്ത്, സി.കെ. രഞ്ചിത്ത്, ബിൻ ചിത്ര എന്നിവരുൾപ്പെട്ട പുല്ലൂറ്റ് മദർ ഇന്ത്യാ സംഘമെത്തി, അവശ്യ സാധനങ്ങൾ വിതരണം ചെയ്യുകയായിരുന്നു.