തൃശൂർ: മലയോരത്ത് പട്ടയത്തിന് അപേക്ഷിച്ചവരുടെ കൈവശഭൂമിയുടെ റവന്യു-വനം വകുപ്പ് സംയുക്ത പരിശോധന പുനരാരംഭിക്കുന്നതിന് മാടക്കത്തറ പഞ്ചായത്തിൽ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇന്ന് രാവിലെ 9.30ന് നടക്കുന്ന തുടർ യോഗത്തിലും കളക്ടർ പങ്കെടുക്കും.

നിലവിൽ 192 അപേക്ഷകളാണ് വില്ലേജ് ഓഫീസിൽ ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. മറ്റ് അപേക്ഷകൾ അടുത്ത ഘട്ടത്തിൽ പരിഗണിക്കും. പട്ടയത്തിന് അപേക്ഷിച്ചവരുടെ കൈവശമുള്ള രേഖകൾ പരിശോധിക്കും. ബാക്കി ആവശ്യമായ രേഖകൾ ഏതൊക്കെയാണെന്ന് അറിയിക്കും. 1352 ഹെക്ടർ ഭൂമിയുടെ സംയുക്ത പരിശോധനയാണ് ജില്ലയിൽ ബാക്കിയുള്ളത്. പട്ടയവുമായി ബന്ധപ്പെട്ട് എല്ലാ താലൂക്കിലും പഞ്ചായത്തിലും ജനപ്രതിനിധികളുടെയും റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്തിട്ടുണ്ട്. തൃശൂർ താലൂക്കിലെ യോഗം ഇന്ന് ചേരും.