തൃശൂർ: മദ്യലഹരിയിൽ രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ആക്രമിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തുവെന്ന കേസിൽ തൃശൂർ സി.ജെ.എം കോടതിയിൽ വിചാരണ ആരംഭിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇൻ കാമറ സംവിധാനത്തിലായിരുന്നു ഇന്നലെ വിചാരണാ നടപടിക്രമം. വ്യവസായിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ തൃശൂർ ചെമ്പൂക്കാവിലെ ടി.എ സുന്ദർ മേനോനാണ് കേസിലെ പ്രതി. തൃശൂർ സ്വദേശിനിയാണ് പരാതിക്കാരി. ആക്രമണത്തിൽ പെൺകുട്ടിയുടെ വലതു കൈയ്ക്ക് പരിക്കേറ്റു. പിതാവിനോടുള്ള വൈരാഗ്യം കാരണമാണ് ആക്രമണമെന്നാണ് പരാതി. കേസിന്റെ വിചാരണ നീണ്ടുപോകുന്നതിനെതിരെ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്ന് ലഭിച്ച അനുകൂല ഉത്തരവിനെ തുടർന്നാണ് വിചാരണ വേഗത്തിൽ ആരംഭിച്ചത്.