തൃശൂർ : സമയനിഷ്ഠപാലിക്കാതെ യാത്രക്കാരെ പറ്റിച്ച് തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ കെ.എസ്.ആർ.ടി നടത്തുന്നത് നോക്കി നിന്നാൽ ഒരു വഴിയാക്കും സർവീസ്. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തി ലാഭം കൊയ്യുമ്പോൾ കെ.എസ്.ആർ.ടി.സിയുടെ ഈ റൂട്ടിലെ പല സർവീസുകളും നഷ്ടത്തിലാണ്. കഴിഞ്ഞ രണ്ടുമാസമായി ചെയിൻ സർവീസ് നടത്തുന്നുണ്ട്. തൃശൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് സ്വകാര്യ ബസുകൾ ഒരു മണിക്കൂറും ഏഴ് മിനിറ്റും കൊണ്ട് ഓടിയെത്തും. കെ.എസ്.ആർ.ടി.സി ഒരു മണിക്കൂറും 20 മിനിറ്റും എടുത്താലും എത്തുന്നതേ അപൂർവമാണ്. സ്വകാര്യ ബസുകാർ തിക്കിതിരക്കി പോകുന്നതിനാൽ സ്ത്രീകൾ അടക്കമുള്ള പല യാത്രക്കാരും കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഒരു വണ്ടി പോലും കൃത്യസമയത്ത് എത്തിച്ചേരില്ല. നോക്കിനിന്നാൽ വഴിയിലാക്കും എന്ന തോന്നലിൽ പലരും കിട്ടുന്ന വണ്ടിയിൽ കയറിപ്പോകുകയാണ് പതിവ്..

സർവീസ് സമയം കുറച്ചു

നേരത്തെ രാത്രി ഒമ്പതു വരെ സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ഇപ്പാൾ 7.30 വരെയാണ് സർവീസ് നടത്തുന്നത്. വിവിധ ഭാഗങ്ങളിൽ ചെയിൻ സർവീസ് ലാഭകരമാകുമ്പോൾ തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ പരിതാപകരമാണ്.

ആകെ 96
ലാഭം രാവിലെയും വൈകീട്ടും

കൊടുങ്ങല്ലൂർ ഡിപ്പോയിൽ നിന്നും ആറും ഇരിങ്ങാലക്കുട, തൃശൂർ ഡിപ്പോകളിൽ നിന്നും മൂന്നും വീതം 12 ബസുകളാണ് ഈ റൂട്ടിലോടുന്നത്. നാലുവീതം അങ്ങോട്ടും ഇങ്ങോട്ടും പ്രതിദിനം 96 ട്രിപ്പാണ് സർവീസുള്ളത്. ഇതിൽ രാവിലെയും വൈകീട്ടും മാത്രമാണ് അൽപമെങ്കിലും ലാഭമുള്ളത്.

കെ.എസ്.ആർ.ടി.സി കിതച്ച്
സ്വകാര്യ ബസുകൾ കുതിച്ച്

ഏറെ തിരക്കുള്ള സമയങ്ങളിൽ സ്വകാര്യ ലിമിറ്റഡ് ബസുകൾ മൂന്നു മിനിറ്റുകൾക്കിടയിലാണ് സർവീസ് നടത്തുന്നത്. സാധാരണ സമയങ്ങളിലിത് അഞ്ചുമിനിറ്റ് ഇടവിട്ടുമാണ്. ചുരുങ്ങിയത് രണ്ടു ലിമിറ്റഡ് സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ബസിനെ പതിവായി മറികടക്കും. തിരക്കുള്ള സമയങ്ങളിൽ ചിലപ്പോൾ അത് മൂന്നു ബസുകളാകും.

സമയ മാറ്റം അനിവാര്യം

15 മിനിറ്റ് ഇടവിട്ടാണ് കെ.എസ്.ആർ.ടി.സി ബസുകളുടെ സർവീസ്. എന്നാൽ സമയം തെറ്റിയത് 20 ഉം 25 മിനിറ്റുമായി വൈകും. ഇത്രനേരം കാത്തിരുന്ന് പോകാൻ ഒരു യാത്രക്കാർക്കും താൽപര്യമുണ്ടാകില്ല. സമയനിഷ്ഠ പാലിച്ചാൽ യാത്രക്കാരെ ആകർഷിക്കാനാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ

സ്വകാര്യ ബസുകൾ എടുക്കുന്ന സമയം

1 മണിക്കൂർ ഏഴ് മിനിറ്റ്

കെ.എസ്.ആർ.ടി.സി

1 മണിക്കൂർ 20 മിനിറ്റിലേറെ