കയ്പ്പമംഗലം: വെള്ളക്കെട്ടുമൂലം തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിൽ 6 എണ്ണം ഒഴികെ എല്ലാം പിരിച്ചുവിട്ടു. വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങൾ ജില്ലാ കളക്ടർ എ. ഷാനവാസ്, ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ എന്നിവർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. എടത്തിരുത്തി പഞ്ചായത്തിലെ അഞ്ച് ക്യാമ്പുകളും, കയ്പ്പമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളൊഴികെ ബാക്കിയെല്ലാ ക്യാമ്പുകളുമാണ് അവസാനിപ്പിച്ചത്. കയ്പ്പമംഗലം പള്ളി നട ആർ.സി.യു.പി സ്‌കൂളിലെ ക്യാമ്പിൽ കഴിഞ്ഞിരുന്ന കാക്കാത്തിരുത്തി എൽ.ബി.എസ് കോളനിയിലെ 11 കുടുംബങ്ങളെയാണ് കയ്പ്പമംഗലം കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയത്. ഇവരുടെ വീടുകൾ പൂർണ്ണമായും ശുചീകരിക്കാൻ കഴിയാത്തതാണ് പ്രശ്‌നം. എടത്തിരുത്തി പഞ്ചായത്തിലെ അഞ്ച് ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 144 കുടുംബങ്ങളാണ് വെള്ളക്കെട്ടൊഴിയാത്തതിനാലും ശുചീകരണ പ്രവർത്തനം പൂർത്തിയാകാത്തതിനാലും ക്യാമ്പിൽ കഴിയുന്നത്. പെരിഞ്ഞനം പഞ്ചായത്തിലെ എല്ലാ ക്യാമ്പുകളും പിരിച്ചുവിട്ടു. എടത്തിരുത്തി പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന കണ്ണംപുള്ളി പുറം വായനശാലക്കു കിഴക്ക് വെല്ലട്ടി 32 കുടുബങ്ങൾ കഴിയുന്ന പെരുമ്പടപ്പ് ഈസ്റ്റ് യു.പി സ്‌കൂൾ ദുരിതാശ്വാസ ക്യാമ്പ് ഇന്നലെ പിരിച്ചുവിട്ടു. പിരിഞ്ഞു പോയ കുടുംബങ്ങൾക്ക് 1000 രൂപയുടെ ധനസഹായവും ഒരു മാസത്തേക്കുള്ള ദുരിതാശ്വാസ കിറ്റും വിതരണം ചെയ്തു. ധനസഹായ വിതരണം ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് നിർവഹിച്ചു. കിറ്റുകളുടെ വിതരണം എടത്തിരുത്തി വില്ലേജ് ഓഫീസർ ഷക്കീർ നിർവഹിച്ചു. സ്‌കൂൾ പ്രധാന അദ്ധ്യാപിക സരസമ്മ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഉമറൂൽ ഫറൂഖ്, ജ്യോതിബസ് തേവർക്കാട്ടിൽ, പ്രേംജിത്ത് കൊല്ലാറ, സുനിൽ വെന്നിക്കൽ, മോഹനൻ കണ്ണംപുള്ളി തുടങ്ങിയവർ സംസാരിച്ചു.