തൃശൂർ: ഗീതാ ഗോപി എം.എൽ.എ ഇരുന്നിടത്ത് ചാണകവെള്ളമൊഴിച്ച് ശുദ്ധി നടത്തി ജാതിയധിക്ഷേപം നടത്തിയെന്ന കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കളുടെ മുൻകൂർ ജാമ്യം കോടതി തള്ളി. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. വിനോദ്, എം. സുജിത്ത്കുമാർ, കെ.ജി. സതീഷ്, പ്രദീപ് വലിയങ്ങോട്ട്, പി. സന്ദീപ്, പി.ജെ. എഡിസൺ, പി.എസ്. ഫൈസൽ, ജോസ് ചാക്കേരി, ജോൺ ജെ. ആലപ്പാടൻ, കെ.ആർ. മണികണ്ഠൻ, ജോർജ്ജ് ആന്റോ എന്നിവരുടെ ജാമ്യാപേക്ഷയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സോഫി തോമസ് തള്ളിയത്.
ജൂലായ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഗുരുവായൂർ കുടിവെള്ള പദ്ധതിക്കായി കുഴിയെടുത്ത് തകർന്ന ചേർപ്പ് തൃപ്രയാർ റോഡിന്റെ ശോച്യാവസ്ഥയിൽ നാട്ടുകാർക്കൊപ്പം ചേർപ്പ് മിനി സിവിൽ സ്റ്റേഷനിലെ പൊതുമരാമത്ത് ഓഫീസിൽ കുത്തിയിരുന്ന് എം.എൽ.എ സമരം ചെയ്തിരുന്നു. എം.എൽ.എയും മറ്റുള്ളവരും മടങ്ങിയ ഉടനെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളമൊഴിച്ച് എം.എൽ.എ ഇരുന്നിടം ശുദ്ധി നടത്തുകയായിരുന്നു. ദളിത് വിഭാഗത്തിൽപെട്ട വനിതാ എം.എൽ.എയെ പൊതുജനമദ്ധ്യത്തിൽ ജാതീയമായി അധിക്ഷേപിച്ചു എന്ന് കാട്ടി ഗീതാ ഗോപി എം.എൽ.എ നൽകിയ പരാതിയിൽ ചേർപ്പ് പൊലീസാണ് രജിസ്റ്റർ ചെയ്തത്. എം.എൽഎയുടെ അസാന്നിദ്ധ്യത്തിലായിരുന്നു ചാണകം വെള്ളം ഒഴിച്ച് കഴുകിയതെന്നും ഇത് പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നുമുള്ള വാദം കോടതി തള്ളി. ഈ കേസിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന് പ്രോസിക്യൂഷനായി ഹാജരായ ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു വാദിച്ചു.