തൃശൂർ: ഓട്ടത്തിനിടെ സ്‌കൂൾ ബസിന്റെ ചക്രങ്ങൾ ഊരിപ്പോയ സംഭവത്തിൽ ബന്ധപ്പെട്ട വാഹനത്തിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും ആർ.ടി.ഒ: ആർ. രാജീവ് അറിയിച്ചു. കാഞ്ഞാണി- ഏനാമാക്കൽ റോഡിൽ ജനതയ്ക്ക് മുന്നിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
എറവ് സെന്റ് ജോസഫ് സ്‌കൂളിന്റെ ബസ് നട്ടുകൾ അഴിഞ്ഞ് ബസിന്റെ പിന്നിലെ ഇടതുവശത്തെ ചക്രങ്ങൾ ഊരിപ്പോവുകയായിരുന്നു. ചക്രങ്ങളിലൊന്ന് ഓട്ടോയിലും ഇടിച്ചു. ടയർ മാറ്റാനായി നട്ട് അഴിച്ചിരുന്നു. ഇത് വേണ്ടവിധം മുറുക്കാത്തതാണ് അപകടകാരണമായി കരുതുന്നത്. ചക്രം ഊരിപ്പോയ ബസ് റോഡിൽ ഉരഞ്ഞാണ് നിന്നത്.
ബസിന്റെ പിൻസീറ്റിൽ ഇരുന്ന ഏതാനും വിദ്യാർത്ഥികൾ ബസിനുള്ളിൽ തെറിച്ചുവീണു. അതുവഴി വന്ന മന്ത്രി വി.എസ്. സുനിൽകുമാർ ബസ് ഡ്രൈവറുടെ പേരിൽ കേസെടുക്കാനും സ്‌കൂൾ അധികൃതരെ താക്കീത് ചെയ്യാനും പൊലീസിനോട് നിർദ്ദേശിച്ചിരുന്നു.