തൃശൂർ: സംസ്ഥാനത്തെ പ്രധാന റോഡായ കുറ്റിപ്പുറം- തൃശൂർ റോഡിലെ ഗതാഗതം സുഗമമാക്കുന്ന പുഴയ്ക്കലിലെ പുതിയ പാലം സെപ്തംബർ 12നകം തുറന്നില്ലെങ്കിൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിക്കുമെന്ന് അനിൽ അക്കര എം.എൽ.എ പത്രസമ്മേളനത്തിൽ പറഞ്ഞു. സൂചനയായി ഇന്ന് രാവിലെ പത്തുമുതൽ നടക്കുന്ന രാപ്പകൽ സമരം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ സമാപന സമ്മേളനം യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ 18ന് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചെങ്കിലും പ്രളയം വന്നതിനാൽ മാറ്റിവച്ചു. എങ്കിലും 17 മുതൽ ചെറുവാഹനങ്ങൾ കടത്തിവിടുമെന്ന് മന്ത്രി ജി. സുധാകരൻ വാക്കാൽ ഉറപ്പ് നൽകിയതാണ്. പൊതുമരാമത്ത് പാലങ്ങളുടെ ചുമതലയുള്ള ചീഫ് എൻജിനിയർ തെറ്റായ വിവരം മന്ത്രിക്ക് നൽകി തീരുമാനം അട്ടിമറിക്കുകയായിരുന്നു. പാലത്തിനോട് ചേർന്ന അപ്രോച്ച് റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ ഫിറ്റ്‌നസ് നൽകാൻ കഴിയില്ലെന്നാണ് ചീഫ് എൻജിനിയറുടെ നിലപാട്. പ്രശ്‌നങ്ങൾക്കെല്ലാം കാരണം ഇതാണ്. സ്ഥലം സന്ദർശിക്കാതെയാണ് ചീഫ് എൻജിനിയർ റിപ്പോർട്ട് നൽകിയത്. ഗുരുവായൂർ അമ്പലത്തിലേയ്ക്കുള്ള പ്രധാനപ്പെട്ട റോഡ് കൂടിയാണിത്. ഉദ്യോഗസ്ഥരുടെ ദുർവാശി മൂലം ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കാൻ കഴിയില്ല. ജില്ലയിലെ മന്ത്രിമാർ വിഷയത്തിൽ ഇടപെടണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്തംഗം അജിതാ കൃഷ്ണൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുര്യാക്കോസ്, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ജയചന്ദ്രൻ എന്നിവരും പങ്കെടുത്തു.