തൃശൂർ: ദീർഘകാലമായി മലയോര കർഷകർ ഉന്നയിക്കുന്ന പട്ടയ പ്രശ്‌നം ഘട്ടങ്ങളായി ലഘൂകരിച്ച് അർഹരായ എല്ലാവർക്കും പട്ടയം നൽകാനുള്ള ശ്രദ്ധേയമായ കാൽവയ്പാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ, സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നടത്തുന്നതെന്ന് ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ പറഞ്ഞു. തൃശൂർ താലൂക്കിൽ പട്ടയത്തിനായി അപേക്ഷിച്ചവരിൽ റവന്യൂ- വനം വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താത്തവരുടെ ഹിയറിംഗ് മാടക്കത്തറ പഞ്ചായത്ത് ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാടക്കത്തറ വില്ലേജിലെ വർഗീസ് ഉലഹന്നാനിൽ നിന്ന് അപേക്ഷ സ്വീകരിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.
മൂന്ന് പേരടങ്ങുന്ന പത്ത് സർവേ ടീമിനെ തീരുമാനിച്ച് ഓരോ ടീമിനും കളക്ടറുടെ പ്രത്യേക ഫണ്ടിൽ നിന്ന് ജി.പി.എസ് മെഷീൻ വാങ്ങി നൽകി ഡിസംബർ മാസത്തിനകം സർവേ പൂർത്തിയാക്കി വീണ്ടും കേന്ദ്രാനുമതിക്കായി അപേക്ഷിക്കും.
മാടക്കത്തറ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ നേതത്വത്തിലാണ് ഹിയറിംഗ് നടത്തിയത്. മാടക്കത്തറ വില്ലേജിലെ 192 അപേക്ഷകളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. ഹിയറിംഗിന്റെ അടിസ്ഥാനത്തിൽ റവന്യു, വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തും. രണ്ടു ദിവസം കൂടി മാടക്കത്തറ വില്ലേജിന്റെ ഹിയറിംഗ് ഉണ്ടാവും. 30 പേരുടെ അപേക്ഷകളാണ് ആദ്യ ദിവസം പരിശോധിച്ചത്.