കയ്പ്പമംഗലം: ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടത്തിൽ വിദ്യാർത്ഥികളടക്കം നാല് പേർക്ക് പരിക്ക്. എടത്തിരുത്തി പുളിഞ്ചോടിൽ നിയന്ത്രണം വിട്ട ബൈക്ക് കമ്പിവേലിയിൽ ഇടിച്ച് മറിഞ്ഞാണ് രണ്ട് പേർക്ക് പരിക്കേറ്റത്. ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം സ്വദേശികളായ തുപ്രാടൻ ചന്ദ്രൻ മകൻ സനിൽ (21), കാക്കര ദിനേശ് മകൻ ദിനജ് (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചൂലൂർ മസ്ജിദ് ആംബുലൻസിൽ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ബൈക്ക് കമ്പിവേലിയിൽ തലകീഴായി കിടക്കുന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും താഴ്ചയുള്ള പറമ്പിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ദിനജിന്റെ പരിക്ക് സാരമുള്ളതാണ്.
അയിനിച്ചോടിന് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അച്ഛനും മകൾക്കും പരിക്കേറ്റു. വലപ്പാട് ആനവിഴുങ്ങി സ്വദേശി മേത്തിൽ പ്രദീപ് (48), മകൾ കൃഷ്‌ണേന്ദു (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നന്മ പ്രവർത്തകർ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്‌ണേന്ദുവിനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുന്നതിനിടെ ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.