ചാലക്കുടി: ഒളിവിൽ കഴിയുന്ന പ്രസിഡന്റ് തോമസ് കണ്ണത്തിന് കാടുകുറ്റി പഞ്ചായത്ത് കമ്മിറ്റി യോഗം അവധി അനുവദിച്ചു. ഇതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ച് പ്രകടനം നടത്തി. ആഗസ്റ്റ് 14 മുതൽ 30 വരെയുള്ള അവധിക്കാണ് വൈസ് പ്രസിഡന്റ് മോളി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകിയത്.
തപാലിൽ എത്തിയതായിരുന്നു അവധി അപേക്ഷ. സാമൂഹിക മാദ്ധ്യമത്തിൽ സ്ത്രീത്വത്തെ അപമാനിക്കും വിധം വീഡിയോ പ്രചരിപ്പിച്ച തോമസ് കണ്ണത്തിന് അവധി നൽകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷാംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത പ്രസിഡന്റിനെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് പഞ്ചായത്ത് കൂട്ടുനിൽക്കരുതെന്നും അവർ പറഞ്ഞു. എന്നാൽ ഭൂരിപക്ഷ തീരുമാന പ്രകാരം തോമസ് ഐ. കണ്ണത്തിന്റെ അവധി അംഗീകരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇറങ്ങിപ്പോയ എൽ.ഡി.എഫ് അംഗങ്ങൾ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
പഞ്ചായത്ത് ഓഫീസ് പരിസരത്ത് ചേർന്ന പ്രതിഷേധ യോഗം സി.പി.എം ഏരിയാ സെക്രട്ടറി ടി.എ.ജോണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജി വയ്ക്കും വരെ സമരം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തോമസ് കണ്ണത്ത് പ്രസിഡന്റ് സ്ഥാനത്തു തുടരുമ്പോൾ എങ്ങനെ സ്ത്രീകൾ ഓഫീസിൽ എത്തുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്ന് എൽ.ഡി.എഫിലെ കെ.കെ. വിനയൻ പറഞ്ഞു.
പഞ്ചായത്തീരാജ് നിയമപ്രകാരമാണ് പ്രസിഡന്റിന് അവധി നൽകിയത്. രാഷ്ട്രീയപ്രേരിതമാണ് പ്രതിപക്ഷസമീപനം. അവരുടെ ഒരംഗം യോഗത്തിൽ നിന്ന് വിട്ടുനിന്നത് ഇതിന് തെളിവാണ്.
- മോളി തോമസ്, (വൈസ് പ്രസിഡന്റ്)
70 ശതമാനം സ്ത്രീകളുള്ള പഞ്ചായത്താണിത്. അവധിക്ക് അപേക്ഷ നൽകുന്നതിനു പകരം പ്രസിഡന്റ് തത്‌സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതം.
-എം.ഐ. പൗലോസ്, (പ്രതിപക്ഷ നേതാവ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ)
ഹൈക്കോടതി ജാമ്യഹർജി മാറ്റി
പഞ്ചായത്ത് പ്രസിഡന്റ് തോമസ് കണ്ണത്ത് നൽകിയ മുൻകൂർ ജാമ്യ ഹർജി പിന്നീടുള്ള പരിഗണനയ്ക്കായി ഹൈക്കോടതി മാറ്റിവച്ചു. തൃശൂർ സെഷൻസ് കോടതി രണ്ടു തവണയും അപേക്ഷ നിരസിച്ച സാഹചര്യത്തിലാണ് പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി കനിഞ്ഞില്ലെങ്കിൽ തോമസ് കണ്ണത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാകും. ഒളിവിൽ കഴിയുന്ന അദ്ദേഹത്തിന് പിന്നീട് അറസ്റ്റ് വാറണ്ടുമുണ്ടാകും. ഇൻഫർമേഷൻ ടെക്‌നോളജി 67 എ വകുപ്പ് പ്രകാരമാണ് ചാലക്കുടി പൊലീസ് തോമസ് കണ്ണത്തിനെതിരെ കേസെടുത്തത്. നഗരത്തിലെ പ്രമുഖ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ സ്ത്രീത്വത്തെ അപമാനിക്കും വിധം വീഡിയോ പ്രചരിപ്പിച്ചു എന്ന പരാതിയിലായിരുന്നു കേസ്.