പുതുക്കാട്: ബസാർ റോഡ്, ആശുപത്രി റോഡ് എന്നിവിടങ്ങളിലെ കൈയ്യേറ്റം കണ്ടെത്തുന്നതിനുള്ള സർവേ മൂന്നു മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പുറപ്പെടുവിച്ചിട്ട് മൂന്നു മാസം പിന്നിട്ടിട്ടും നടപടി ഉണ്ടായില്ല. മൂന്ന് കോടി രൂപ ചെലവിൽ ബസാർ റോഡ് നവീകരിക്കാനിരിക്കെ കൈയ്യേറ്റം കണ്ടെത്താൻ സർവേ നടത്താനുള്ള തീരുമാനമാണ് എങ്ങുമെത്താത്തത്.

ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് നവീകരണത്തിന്റെ നിർമ്മാണോദ്ഘാടനം നടത്തിയിരുന്നു. ഉദ്ഘാടനത്തിന്റെ അടുത്ത ദിവസം ഉദ്യോഗസ്ഥരെത്തി സർവേക്ക് തുടക്കം കുറിച്ചു. പിന്നീട് ബന്ധപെട്ടവരാരും ഈവഴി എത്തിയില്ല. സർവേ നടക്കാതായതോടെ പൊതുപ്രവർത്തകരായ വിജുതച്ചംകുളവും, ജോയ് മഞ്ഞളിയുമാണ് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയത്. മേയ് 13ന് മൂന്ന് മാസത്തിനുള്ളിൽ സർവേ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷൻ ഉത്തരവിട്ടു. എന്നാൽ മൂന്ന് മാസം പിന്നിട്ടിട്ടും കമ്മിഷന്റെ ഉത്തരവിന് ബന്ധപെട്ടവർ പുല്ലുവില കൽപ്പിച്ചിട്ടില്ല.

ബസാർറോഡിന്റെ കൈയ്യേറ്റം കണ്ടെത്താൻ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സെപ്തംബർ 8നും, ആശുപത്രി റോഡിലെ കൈയ്യേറ്റം കണ്ടെത്തണമെന്നാവശ്യപെട്ട് ജനുവരി 19നും പൊതുമരാമത്ത് റോഡ് വിഭാഗം ജില്ലാ സർവേ സുപ്രണ്ടിന് അപേക്ഷ സമർപ്പിച്ചുവെന്നാണ് രേഖാമൂലം അറിയിച്ചത്. എന്നാൽ സർവേയർമാരെ നിയമിച്ചിട്ടില്ലന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് കൈയ്യേറ്റം കണ്ടെത്താൻ മൂന്ന് മാസത്തിനകം നടപടി സ്വീകരിക്കണമെന്ന ഉത്തരവ് വന്നത്. കമ്മീഷന്റെ ഉത്തരവ് കാലാവധി തീർന്നീട്ടും നടപ്പിലാക്കാത്തതിനാൽ പരാതിക്കാർ മനുഷ്യാവകാശ കമ്മിഷന് കഴിഞ്ഞ ദിവസം വീണ്ടും പരാതി നൽകി.