തൃശൂർ: നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പുകളെ ചൊല്ലി കോർപറേഷൻ കൗൺസിലിൽ ഭരണപ്രതിപക്ഷങ്ങളുടെ വാദപ്രതിവാദം. ക്യാമ്പുകൾ ഫലപ്രദമായി നടത്താനായെന്നു ഭരണപക്ഷം വാദിച്ചപ്പോൾ രാഷ്ട്രീയവത്ക്കരിച്ചെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ക്യാമ്പുകളെ കുറിച്ച് സെക്രട്ടറി അറിഞ്ഞില്ലെന്നും കൗൺസിലർമാരെ ചർച്ചകളിൽ പങ്കെടുപ്പിച്ചില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഏകോപനമില്ലായ്മയാണ് തുടക്കം മുതലുണ്ടായതെന്നു പ്രതിപക്ഷനേതാവ് എം.കെ. മുകുന്ദൻ വിമർശിച്ചു. പ്രതിപക്ഷനേതാവ് അസംബന്ധമാണ് പറയുന്നതെന്നും ക്യാമ്പുകൾക്ക് ജനകീയ പ്രശംസ ലഭിച്ചുവെന്നും മേയർ വിശദീകരിച്ചു.
അരണാട്ടുകരയിലെ ക്യാമ്പിലേക്കു മൂന്നുദിവസം ആരും തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപവുമായി ലാലിജെയിംസ് നടുത്തളത്തിൽ കുത്തിയിരുന്നു. പരാതികൾ അപ്പോഴപ്പോൾ പരിഹരിച്ചുവെന്നു മേയർ പറഞ്ഞു. 16 ക്യാമ്പുകളാണ് തുറന്നത്. മികച്ച രീതിയിലാണ് ക്യാമ്പുകൾ നടത്തിയതെന്നായിരുന്നു ബി.ജെ.പിയിലെ കെ.രാവുണ്ണിയുടെ അഭിപ്രായം.
താൻ പ്രതിനിധീകരിക്കുന്ന മേഖലയിൽ 577 പേർ വന്ന ക്യാമ്പിനു അംഗീകാരം കിട്ടിയതു മൂന്നുദിവസം കഴിഞ്ഞാണെന്നായിരുന്നു ലാലിയുടെ വിമർശം. ബണ്ടുപൊട്ടിക്കുന്നത് തരംഗമായി മാറിയെന്നു പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേൽ പരിഹസിച്ചു. എന്നാൽ ക്യാമ്പുകളുടെ നടത്തിപ്പിനെ പ്രശംസിച്ചു. പി.കൃഷ്ണൻകുട്ടി, സുബിബാബു, വത്സലബാബുരാജ്, ഷീബബാബു, ഇ.എ. ജോണി, ഫ്രാൻസിസ് ചാലിശേരി, പി.സി. ജ്യോതിലക്ഷ്മി, കരോളിൻ ജോഷ്വ, ശാന്ത അപ്പു, പ്രസീതഗോപൻ, കെ.മഹേഷ്, സതീഷ് ചന്ദ്രൻ, അനൂപ് കരിപ്പാൽ, ബിന്ദു കുട്ടൻ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.
കെട്ടിടം പൊളിക്കൽ: ഭരണപക്ഷത്ത് നിന്നും വിമർശനം
തൃശൂർ: മേനാച്ചേരി കെട്ടിടം ധൃതിയിൽ പൊളിച്ചെന്ന പരാതി കോർപറേഷൻ കൗൺസിലിൽ സജീവ ചർച്ചയായി. ഭരണപക്ഷത്തെ ഷീബബാബുവും പരാതി ഉന്നയിച്ചതോടെ ഇടതുമുന്നണിയിലെ ഭിന്നത പുറത്തു വന്നു.
14 കച്ചവടക്കാർ സ്വരാജ്‌റൗണ്ടിലെ കെട്ടിടത്തിൽ വാടകയ്ക്ക് കച്ചവടം നടത്തിയിരുന്നു. യഥാർത്ഥ ഉടമകൾ വലിയ തുകയാണ് അവരിൽ നിന്നും ഈടാക്കുന്നത്. കച്ചവടം നടത്തിയിരുന്നവർക്കു കെട്ടിടം പൊളിച്ചതുകൊണ്ടു ദോഷമുണ്ടായി. അവരുടെ വികാരം കൂടി മാനിക്കേണ്ടതായിരുന്നുവെന്ന് ഷീബ പറഞ്ഞു.
മേയറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കെട്ടിടം പൊളിക്കാൻ തീരുമാനിച്ചിരുന്നില്ലെന്നു പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേൽ പറഞ്ഞു. കളക്ടർക്കു തെറ്റുപറ്റിയെന്നു എ. പ്രസാദ് കുറ്റപ്പെടുത്തി.