തൃപ്രയാർ: തളിക്കുളം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം 23ന് വെള്ളിയാഴ്ച രാവിലെ പത്തിന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുമെന്ന് ഗീതാഗോപി എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 44 ലക്ഷം രൂപ ചെലവഴിച്ചാണ് തളിക്കുളം വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നത്. ഇരുനില കെട്ടിടത്തിൽ മുകൾ നിലയിൽ മീറ്റിംഗ് ഹാളും റെക്കാഡ് മുറിയും താഴെ ഓഫീസ് സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് സ്മാർട്ട് വില്ലേജ് ഓഫീസ്. വൈഫൈ സംവിധാനവും എർപ്പെടുത്തിയിട്ടുണ്ട്. അടുത്തവർഷം മാർച്ച് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും. ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാവും. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത, ചാവക്കാട് തഹസിൽദാർ സി.എസ് രാജേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.