കൊടുങ്ങല്ലൂർ: മണ്ഡലത്തിലെ പ്രാഥമിക തലം മുതൽ ഹൈസ്‌കൂൾ വരെ എല്ലാ പൊതു വിദ്യാലയങ്ങളും ഹൈടെക്കാകുന്നു. ഇതിന്റെ ഭാഗമായി 1.4 കോടി രൂപ ചെലവഴിച്ച് 333 ലാപ്‌ടോപ്പുകൾ, 142 രണ്ട് എൽ.സി.ഡി പ്രൊജക്ടറുകൾ, 333 സ്പീക്കറുകൾ തുടങ്ങിയവ ലഭ്യമാക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയ നിരവധി പരിപാടികളാണ് മണ്ഡലത്തിൽ നടക്കുന്നത്. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെ അക്കാഡമിക് മാസ്റ്റർ പ്ലാനും ജനകീയ മാസ്റ്റർ പ്ലാനും നിലവിലുള്ള മണ്ഡലങ്ങളിൽ ഒന്നാണിത്. ഉന്നത വിദ്യാഭ്യാസ പരിശീലന പരിപാടിയായ സുമേധ, വിദ്യാർത്ഥികളുടെ ആരോഗ്യ ലഹരി വിമുക്ത പരിപാടിയായ സ്വരക്ഷ എന്നിവ ഇവയിലുൾപ്പെടും. കഴിഞ്ഞ പ്രളയകാലത്ത് ആയിരം കിലോ പ്ലാസ്റ്റിക് കുപ്പികൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശേഖരിച്ച് സമാഹരിച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തിരുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും ഇത് മാതൃകയാക്കണമെന്ന് അന്ന് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവും ഇറക്കി.
എം.എൽ.എയുടെ 2017-18 ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളിലേയും യു.പി വിഭാഗം ക്ലാസ്മുറികൾ സമ്പൂർണ്ണമായും സ്മാർട്ട് ആക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. 22.58 ലക്ഷം രൂപ ചെലവഴിച്ച് മണ്ഡലത്തിലെ 36 ക്ലാസ് മുറികളാണ് ഹൈടെക് ആകുക. കെൽട്രോൺ ആണ് പദ്ധതി നിർവഹണ ഏജൻസി. ഇതിനാവശ്യമായ സാങ്കേതിക സാമഗ്രികൾ എല്ലാം വിദ്യാലയങ്ങളിൽ എത്തിക്കഴിഞ്ഞു.

ചെലവ് 1.4 കോടി

സജ്ജീകരിക്കുന്നത്

333 ലാപ്‌ടോപ്പുകൾ

142 രണ്ട് എൽ.സി.ഡി പ്രൊജക്ടറുകൾ

333 സ്പീക്കറുകൾ