തൃശൂർ: വെള്ളപ്പൊക്കവും കാറ്റും കാരണം നേന്ത്രവാഴകൾ നശിച്ചതിനു പിന്നാലെ നേന്ത്രക്കായയുടെ വില കുത്തനെ ഇടിയുകയും ചെയ്തതോടെ തോരാക്കണ്ണീരുമായി കർഷകർ. നല്ല വില നൽകി ഹോർട്ടികോർപ് വഴി നേന്ത്രക്കായ സംഭരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടികളായില്ലെന്ന പരാതിയും വ്യാപകമാണ്. ഓണവിപണിയിലേക്കുള്ള ഉപ്പേരിക്ക് മറ്റ് ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുളള കായകളെത്തിയതാണ് വിലയിടിവിന് കാരണമായത്.
വിലക്കുറവും കായയുടെ വലിപ്പവും നോക്കി ഉപ്പേരി വിൽപ്പനക്കാർ വരവ് കായകൾ വാങ്ങിക്കൂട്ടുകയും ചെയ്തു. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ സ്ഥലങ്ങളിൽ വാഴകൃഷി വ്യാപിപ്പിച്ചിരുന്നു. സന്നദ്ധസംഘടനകളും കൃഷി ഏറ്റെടുത്തു. ഉത്പാദനവും കൂടി. കിലോഗ്രാമിന് 35 രൂപ മുതൽ 40 രൂപവരെയാണ് കായവില. കഴിഞ്ഞ മാസം 60 രൂപ വരെ വില ഉണ്ടായിരുന്നു. ഇനി ഓണദിനങ്ങളിൽ മാത്രമാണ് കർഷകരുടെ പ്രതീക്ഷ. അതേസമയം, ഇടവിട്ട് പെയ്യുന്ന കനത്ത മഴ കാരണം വിപണിയും മാന്ദ്യത്തിലാണ്. പച്ചക്കറി സമൃദ്ധിയായി എത്തുന്നുണ്ടെങ്കിലും വിലക്കുറവില്ല.
വയനാടൻ കായകൾ
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം നേന്ത്രവാഴകൃഷി നശിച്ചതോടെ വയനാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുളള നേന്ത്രക്കായയും ജില്ലയിലെത്തി. കുന്നംകുളം, കേച്ചേരി മേഖലകളിലെ വിപണികൾ കായകൾ ധാരാളമുണ്ടായിരുന്നു. മണ്ണിൽ പുതഞ്ഞതുകാരണം ഭംഗി നഷ്ടപ്പെട്ടതിനാൽ വാങ്ങാനാളില്ലാത്ത അവസ്ഥയുമുണ്ടായി. ഒന്നര കി.ഗ്രാം അമ്പതുരൂപയ്ക്കാണ് നൽകിയിരുന്നത്.
പെരുമയിൽ പിടിച്ച് ചെങ്ങഴിക്കോടൻ
2015 ൽ ഭൗമസൂചക പട്ടികയിൽ ഇടം പിടിച്ച, കാഴ്ചക്കുലയ്ക്ക് പേരുകേട്ട തൃശൂരിന്റെ സ്വന്തം ചെങ്ങഴിക്കോടന് വിലയിടിവിൻ്റെ കാലത്തും ആവശ്യക്കാരേറെയുണ്ട്. അതിനാൽ തലപ്പിള്ളി താലൂക്കിലെ കർഷകർക്ക് അൽപ്പം ആശ്വാസമുണ്ട്.
$ ചില്ലറവില കിലോഗ്രാമിന് 70 രൂപ (ഓണനാളുകളിൽ മോഹവില)
$ രുചിയുടെയും പോഷകത്തിന്റെയും കാര്യത്തിൽ മുൻപന്തിയിൽ
$ നല്ല വലിപ്പവും ചുവന്ന നിറവും ഏഴുമുതല്‍ ഒമ്പത് വരെ പടലകളും
$ പ്രധാനകൃഷിയിടങ്ങൾ:
വേലൂര്‍, പോട്ടോര്‍, പുത്തൂര്‍, ആളൂര്‍, മിണാലൂര്‍, മുണ്ടത്തിക്കോട്, വടക്കാഞ്ചേരി, എരുമപ്പെട്ടി, എയ്യാല്‍, കേച്ചേരി, മങ്ങാട്, നെല്ലുവായ്, തെക്കുംകര, മുള്ളൂര്‍ക്കര.
$ മറ്റ് കൃഷിയിടങ്ങൾ:
ഗുരുവായൂര്‍, ചൂണ്ടല്‍, കുന്നംകുളം, പാണഞ്ചേരി, ആമ്പല്ലൂര്‍, നടത്തറ, പുതുക്കാട്
ഓണവിപണിയിലേക്ക്
അടുത്ത മാസം ഒന്നു മുതൽ ഒമ്പതു വരെ തൃശൂർ ശക്തൻ നഗറിൽ സപ്ളൈകോയുടെ ഓണവിപണി തുടങ്ങും. ഒല്ലൂരിലും ചേർപ്പിലും വിപണികളുണ്ടാകും. ചാവക്കാട്, വടക്കാഞ്ചേരി, ചാലക്കുടി ഡിപ്പോകളുടെ കീഴിലും വിവിധ സ്ഥലങ്ങളിൽ പച്ചക്കറിയും പലവ്യഞ്ജനങ്ങളും അടക്കമുളള ഓണച്ചന്തകളുണ്ടാകും. പച്ചക്കറി ഹോർട്ടികോർപ് വഴി സംഭരിക്കുമെന്നാണ് സ്പളൈകോ അധികൃതർ പറയുന്നത്.