തൃശൂർ: ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്. പ്രതികളെ പിടികൂടണമെന്ന കോൺഗ്രസിന്റെ സമരത്തിൽ ആത്മാർത്ഥതയില്ല. കോൺഗ്രസ്- സി.പി.എം- എസ്.ഡി.പി.ഐ-പൊലീസ് അവിശുദ്ധ കൂട്ടുകെട്ടാണ് നടക്കുന്നത്. പ്രതികളെ പിടികൂടാതിരിക്കാനുള്ള കാരണം ഇതാണ്. തന്റെ മണ്ഡലത്തിൽ പെടുന്ന ഒരു കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടിട്ടും പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട സമരത്തിന് നേതൃത്വം നൽകാൻ ടി.എൻ. പ്രതാപൻ ശ്രമിക്കാത്തതിന് പിന്നിലുള്ള ലക്ഷ്യം തിരിച്ചറിയണം. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് കൊല്ലപ്പെട്ട നൗഷാദിന്റെ കുടുംബത്തോട് നീതി പുലർത്താൻ കോൺഗ്രസിന് സാധിച്ചില്ല. നൗഷാദിന്റെ കൊലപാതകത്തിൽ കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടോയെന്ന് വരെ സംശയിക്കേണ്ടിരിക്കുന്നുവെന്നും നാഗേഷ് പറഞ്ഞു.