തൃശൂർ: പത്തു ദിവസത്തിനുള്ളിൽ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ അടുത്ത മാസം ആദ്യവാരം മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ കോ- ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. റോഡുകൾ തകർന്നതിനാൽ ബസ് സർവീസ് നടത്താൻ പറ്റുന്നില്ല. തൃശൂർ ടൗണിലെയും ഗുരുവായൂർ- കൊടുങ്ങല്ലൂർ, തൃശൂർ- വടക്കഞ്ചേരി, തൃശൂർ -കാഞ്ഞാണി, തൃശൂർ- കുന്നംകുളം റോഡുകളുടെയും അവസ്ഥ ദയനീയമാണ്. റിപ്പയറിംഗിനും മറ്റുമായി വലിയ തുകയാണ് ചെലവാകുന്നത്. അമിതമായ ഡീസൽ വിലവർദ്ധനവും പ്രവർത്തന ചെലവുമെല്ലാം പല സർവീസുകളെയും ബാധിച്ചിട്ടുണ്ട്.
തൃശൂരിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി വർദ്ധിച്ചു വരികയാണ്. പല സർവീസുകളും ഇതുകാരണം മുടക്കേണ്ടിവരുന്നു. നഗരത്തിൽ പുതിയ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കണമെന്നും പുഴയ്ക്കൽ പാലം തുറന്നു കൊടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. നൗഷാദ് ആറ്റുപറമ്പത്ത്, എസ്. പ്രദീപ്, വിപിൻ ആലപ്പാട്ട്, സി.എം. ജയാനന്ദ്, വി.പി. സന്തോഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.