spice
സ്‌പൈസ് പദ്ധതിയുടെ ജിലാതല ഉദ്ഘാടനം ജില്ലാ ജഡ്ജ് സോഫിതോമസ് നിർവഹിക്കുന്നു.

നിയമ സേവന അതോറിറ്റിയുടെ സ്‌പൈസ് പദ്ധതിയ്ക്ക് തുടക്കം

എരുമപ്പെട്ടി: ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിൽ മാതാപിതാക്കളുടെ പങ്ക് എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എരുമപ്പെട്ടി ഗവ.ഹയർ സെക്കൻ‌ഡറി സ്കൂളിൽ നടന്നു. ജില്ലാ ജഡ്ജും ലീഗൽ സർവീസ് അതോറിറ്റി ചെയർപേഴ്സനുമായ സോഫി തോമസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയങ്ങൾ ലഹരിയുടെ കേന്ദ്രങ്ങളായി മാറുന്നുവെന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്നും ഇതിനെതിരെ രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും ജാഗ്രത അനിവാര്യമാണെന്നും ജഡ്ജ് പറഞ്ഞു. ഫോണിന്റേയും ഇന്റർനെറ്റ് സംവിധാനങ്ങളുടേയും ദുരുപയോഗങ്ങൾ കുട്ടികളെ ലിംഗ വ്യത്യാസമില്ലാതെ ചതിക്കുഴികളിൽ ചാടിക്കുന്നു. കുട്ടികളുമായി ഇടപഴകി അവരുടെ പ്രശ്നങ്ങൾ മനസിലാക്കി നൻമകളെ പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കളും അദ്ധ്യാപകരും സമയം കണ്ടെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡി.ഡി.ഇ കെ.എസ് കുസുമം അദ്ധ്യക്ഷയായി. തൃശൂർ സബ് ജഡ്ജും നിയമസ സേവന അതോററ്റി സെക്രട്ടറിയുമായ കെ.പി. ജോയി പദ്ധതി വിശദീകരണം നടത്തി. വടക്കാഞ്ചേരി മുൻസിഫും സംഘടനാ തലപ്പിള്ളി താലൂക്ക് ചെയർമാനുമായ എ.ബി. അനൂപ്, ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ എം.ഡി. ഇഗ്നേഷ്യസ്, സ്കൂൾ ഹെഡ്മാസ്റ്റർ എ.എ. അബ്ദുൾ മജീദ്, പ്രിൻസിപ്പാൾ സി.എം. പൊന്നമ്മ, എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ് എന്നിവർ സംസാരിച്ചു. അഡ്വ.പയസ് മാത്യു, അഡ്വ.എൽദോ പൂക്കുന്നേൽ എന്നിവർ വിഷയാവതരണം നടത്തി.

............................................

കുട്ടികളുടെ സുരക്ഷയ്ക്കും അവകാശ സംരക്ഷണത്തിനും

ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളേയും സന്നദ്ധ സംഘടനകളേയും ഏകോപിപ്പിച്ച് കുട്ടികളുടെ സുരക്ഷയും അവകാശവും ഉറപ്പു വരുത്തുകയെന്നതാണ് സ്പൈസ് എന്ന പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

പോക്സോ നിയമം,

സൈബർ നിയമം,

പോസിറ്റീവ് പേരന്റിംഗ്,

ലഹരിയുടെ ദുരുപയോഗം,

പരിസ്ഥിതി സംരക്ഷണം,

സാമൂഹിക സംരക്ഷണം,

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സംരക്ഷണം എന്നീ വിഷയങ്ങളിൽ ബോധവത്കരണം നൽകും.