തൃശൂർ: കൺസ്യൂമർ ഫെഡിന്റെ പാലക്കാട് നീതി വിതരണ കേന്ദ്രത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയതിനെ തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഗോഡൗൺ മാനേജരും സി.ഐ.ടി.യു. സംസ്ഥാന നേതാവുമായ കെ.ജെ. ഷാജുവിനെ ചട്ടങ്ങൾ മറികടന്ന് തിരിച്ചെടുത്തു.
ഷാജുവിന് നൽകിയ പരമാവധി ശിക്ഷയായ പിരിച്ചുവിടൽ നടപടി ആരോപണങ്ങൾക്ക് ആനുപാതികമല്ലെന്ന വിചിത്ര ന്യായം ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷൻ ഭരണസമിതിയുടെ തീരുമാനം. തൃശൂർ പൂത്തോളിലെ മദ്യവിൽപ്പന സൂപ്പർ മാർക്കറ്റിൽ ഷാജു ജോലിയിൽ പ്രവേശിച്ചു. കൺസ്യൂമർ ഫെഡ് വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റാണ് നിലവിൽ ഷാജു.
പാലക്കാട്ടെ ഗോഡൗണിൽ നിന്ന് പരിപ്പ് പൊതുവിപണിയിൽ മറിച്ചുവിറ്റതും ഗൗഡൗൺ ചെലവുകൾ കൂടുതലായി എഴുതിയെടുത്തുതുമായ പരാതിയിൽ 2015 മാർച്ചിലാണ് ഷാജു സസ്‌പെഷനിലായത്. അന്വേഷണങ്ങളിൽ ഷാജുവിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞു. സർവീസിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെ ഷാജു അപ്പീൽ നൽകിയെങ്കിലും ഫെഡറേഷൻ പരിഗണിച്ചില്ല. ഇതിനെതിരെ ഷാജു ഹൈക്കോടതിയിൽ നിന്ന് സമ്പാദിച്ച അനുകൂല ഉത്തരവിനെ തുടർന്ന് ജൂൺ 24ന് ചേർന്ന ഫെഡറേഷന്റെ ഭരണസമിതിയാണ് ഷാജുവിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്.
സി.പി.എം തൃശൃർ ജില്ലാ നേതൃത്വത്തിന്റെ ഇടപെടലും ഷാജുവിന് ഗുണകരമായി.
'താങ്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഹാജരാക്കിയ രേഖകളും മാനേജ്‌മെന്റ് സാക്ഷിമൊഴികളും രേഖകളും പരിശോധിച്ചാൽ അർപ്പിതമായ ഉത്തരവാദിത്വം താങ്കൾ നിർവഹിച്ചിട്ടില്ലെന്ന് മനസിലാക്കാം. കൃത്യവിലോപവും അച്ചടക്കരാഹിത്യവും സ്ഥാപനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനാൽ കുറ്റവിമുക്തനാക്കാനുള്ള താങ്കളുടെ അപേക്ഷ നിരസിക്കുന്നു. ശിക്ഷ വിധിക്കുന്നത് തെളിയിക്കപ്പെട്ട ആരോപണങ്ങൾക്ക് അനുസൃതമായിരിക്കണമെന്ന തത്വമനുസരിച്ച് താങ്കൾക്കുള്ള ശിക്ഷ ആനുപാതികമല്ലെന്ന് കണ്ടെത്തിയതിനാൽ വ്യവസ്ഥകളോടെ തിരിച്ചെടുക്കാൻ തീരുമാനിച്ചു'വെന്നാണ് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ ആർ. സുകേശൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
സമാനമായ തെറ്റുകൾ ആവർത്തിക്കരുത്, മൂന്ന് വർഷത്തേക്ക് പ്രമോഷനില്ല, സസ്‌പെൻഷൻ തീയതി മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുന്നതുവരെ സവീസ് ആനുകൂല്യങ്ങൾ അനുവദിക്കില്ല തുടങ്ങിയ നിബന്ധനകളോടെയാണ് ഷാജുവിനെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചത്.