പഴുവിൽ: ട്രാൻസ്‌ഫോമർ മൂടുന്ന ഇരുമ്പ് കവചം റോഡിലേക്ക് തള്ളിനിൽക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു.. ചിറക്കൽ സെക്ഷനിൽ പെടുന്ന പ്രദേശങ്ങളിലാണ് കഴിഞ്ഞദിവസം രാത്രിയിൽ മാനദണ്ഠം പാലിക്കാതെ റോഡിലേക്ക് തള്ളി ട്രാൻസ്‌ഫോമറുകൾക്ക് ഇരുമ്പ് കവചം സ്ഥാപിച്ചത്.
മിക്കയിടത്തും അപകടം ഉണ്ടാക്കുന്ന രീതിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. പെരിങ്ങോട്ടുകര കരിവാംകുളത്തിന് സമീപം പ്രധാന റോഡിൽ സ്ഥാപിച്ച ഇരുമ്പ്കവചം ഏത് സമയത്തും അപകടം ഉണ്ടാക്കാവുന്ന സ്ഥിതിയിലാണ്. പഴുവിൽ എസ്.എൻ റോഡ് പരിസരത്തും മറ്റ് സ്ഥലങ്ങളിലും സമാന സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു.
സംഭവത്തിൽ പെരങ്ങോട്ടുകര സ്വദേശി ചാലശ്ശേരി ജോയ് പി.ഡബ്ലിയു.ഡി അധികൃതർക്ക് പരാതി നൽകി. എന്നാൽ ജോലി കോൺട്രാക്ടറെയാണ് ഏൽപ്പിച്ചതെന്നും പരാതി പരിഹരിക്കാനുള്ള നിർദ്ദേശം കോൺട്രാക്ടർക്ക് നൽകിയതായും ചിറക്കൽ സെക്‌ഷൻ അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.