തൃശൂർ: വാഴാനിയിലെ സംഭരണി നിറയാൻ സാദ്ധ്യതയുള്ളതിനാൽ ഡാമിന്റെ സ്പിൽവേ ഷട്ടർ ഒരെണ്ണം 24ന് ശനിയാഴ്ച രാവിലെ പത്തിനും 12നും ഇടയിൽ തുറക്കാൻ ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാനായ ജില്ലാ കളക്ടർ അനുമതി നൽകി. 60.16 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 62.48 മീറ്റർ. ഈ സ്പിൽവേ ഷട്ടർ അഞ്ച് സെന്റിമീറ്റർ തുറന്ന് വെളളം പുറത്തേക്കൊഴുകും. ഇത് മൂലം വടക്കാഞ്ചേരി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാദ്ധ്യതയുളളതിനാൽ വടക്കാഞ്ചേരി മുനിസിപ്പാലിറ്റി, തെക്കുംകര, എരുമപ്പെട്ടി, വേലൂർ, ചൂണ്ടൽ, കണ്ടാണശ്ശേരി, എളവളളി, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. പുഴയിൽ മത്സ്യബന്ധനത്തിനും മറ്റ് അനുബന്ധ പ്രവൃത്തികൾ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു.