തൃശൂർ: ജലവിതാനം സംഭരണശേഷിയോട് അടുത്തതിനെ തുടർന്ന് തെക്കുംക്കര ഗ്രമാപഞ്ചായത്തിലെ ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള പത്താഴക്കുണ്ട് ഡാം തുറന്നു. ഇന്നലെ രാവിലെയാണ് ഡാം തുറന്നത്. 1980 നുശേഷം ആദ്യമായാണ് പത്താഴക്കുണ്ട് ഡാം തുറന്നത്. ഡാമിന്റെ രണ്ട് ഷട്ടറുകൾ ഓരോ ഇഞ്ച് വീതമാണ് തുറന്നത്. 12.54 മീറ്ററാണ് നിലവിലെ ഡാമിലെ ജലനിരപ്പ്. 14 മീറ്ററാണ് പരമാവധി സംഭരണശേഷി. ദുരന്തിനവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടറുടെ നിർദേശപ്രകാരമാണ് മുൻകരുതലിന്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകൾ തുറന്നത്.
തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീജ, വടക്കാഞ്ചേരി നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എ.കെ. പ്രമോദ്കുമാർ, കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ജലസേചന വകുപ്പ് എക്‌സിക്യൂട്ടിവ് എൻജിനിയർ കെ.ആർ. ഷീല , അസിസ്റ്റന്റ് എൻജിനിയർ ഗീവർ, ഫയർഫോഴ്‌സ് വിഭാഗം ഉദ്യോഗസ്ഥൻ എ.എൽ. ലാസർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്.