തൃശൂർ: ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെ ചട്ടങ്ങൾക്കു വിരുദ്ധമായി ഗുണനിലവാരമില്ലാത്ത മരുന്ന് നിർമ്മിച്ച് വിതരണം നടത്തിയതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ മദ്ധ്യപ്രദേശിലെ ഇൻഡോറിലെ നന്ദാനി മെഡിക്കൽ ലബോറട്ടറീസ് കമ്പനി ഒരു ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് തൃശൂർ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. കമ്പനി നിർമ്മിച്ച ഡക്‌സാമീതസോൺ സോഡിയം ഫോസ്‌ഫേറ്റ് ഇൻജക്‌ഷൻ ഐ.പി ബാച്ച് നമ്പർ കെ.എ.ഡി.എസ്810 എന്ന മരുന്ന് ഗുണ നിലവാര പരിശോധനയിൽ അണുവിമുക്തമല്ലെന്ന് തിരുവനന്തപുരം ഡ്രഗ്‌സ് ലബോറട്ടറി അനലിസ്റ്റും കൽക്കട്ട സെൻട്രൽ ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറി ഡയറക്ടറും കണ്ടെത്തിയിരുന്നു. കേസിനാസ്പദമായ മരുന്ന് ഗുണനിലവാര പരിശോധനയെടുത്ത് കേസിൽ തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് തൃശൂർ അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ പി.എം. ജയനാണ്.