കൊടുങ്ങല്ലൂർ: നഗരസഭാ പ്രദേശത്ത് ഉണ്ടായ രൂക്ഷമായ പ്രളയത്തിനും വെള്ളക്കെട്ടിനും പരിഹാരം കാണുന്നതിനായി വിശദമായ പദ്ധതി തയ്യാറാക്കുന്നതിന് നടപടി തുടങ്ങി. നഗരസഭയിലെ തോടുകൾ, കനാലുകൾ, കാനകൾ എന്നിവയുടെ വീതിയും ആഴവും കൂട്ടൽ, കൈയേറ്റം ഒഴിപ്പിക്കൽ, പുതിയ കാനകളുടെ നിർമ്മാണം, തടസം നീക്കം ചെയ്യൽ എന്നീ പ്രവൃത്തികൾ, ഉൾപ്പെടുത്തി സമഗ്രമായ ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ചെയർമാൻ കെ.ആർ. ജൈത്രൻ വിളിച്ചു ചേർത്ത ഉന്നത തല യോഗം തീരുമാനിച്ചു.

ഇറിഗേഷൻ, മൈനർ ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതിക്ക് രൂപം നൽകുന്നത്. ഒന്നും രണ്ടും വാർഡുകളുടെ ഇടയിലുള്ള കണിയത്ത് തോടിൽ നിന്ന് ആരംഭിച്ച് ഐക്കരപ്പറമ്പ് വാർഡ് വഴി തെക്കോട്ട് മേത്തല വില്ലേജിലേക്ക് ഒഴുകുന്ന കാത്തോളി തോടിന് ഉത്ഭവസ്ഥാനം മുതൽ ഏകദേശം അഞ്ച് മീറ്ററോളം വീതിയുണ്ടെങ്കിലും പല സ്ഥലത്തും സ്വകാര്യ വ്യക്തികളുടെ കൈയേറ്റം മൂലം വീതി വളരെ കുറഞ്ഞ് പോയിട്ടുണ്ട്.

കൈയേറ്റം ഒഴിപ്പിച്ച് വീതി കൂട്ടും. പൈപ്പുകളിട്ട് പൊതു തോടുകൾ മൂടിയിട്ടുള്ള ഇടങ്ങളിലെല്ലാം പൈപ്പുകൾ എടുത്ത് മാറ്റി തോട്ടിലെ ഒഴുക്ക് സുഗമമാക്കും. തോടുകളിലും ജലസ്രോതസ്സുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കും. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നിന്ന് പുതിയ കാനകൾ നിർമ്മിച്ച് അടുത്ത കാനയിലേയ്ക്ക് ബന്ധിപ്പിക്കും.

പെരുന്തോട് ഉൾപ്പെടെ ഒഴുക്കിന് തടസ്സം നേരിടുന്ന തോടുകൾ ജനകീയ പങ്കാളിത്തത്തോടെ നഗരസഭയുടെയും ഇറിഗേഷൻ വകുപ്പിന്റെയും നേതൃത്വത്തിൽ പണി ചെയ്ത് ഒഴുക്ക് സുഗമമാക്കും.

കൂടാതെ എല്ലാ വാർഡുകളിലുമുള്ള പ്രധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് വിശദ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും ചെയർമാൻ പറഞ്ഞു. യോഗത്തിൽ വൈസ് ചെയർമാൻ ഹണി പീതാംബരൻ, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണികൃഷ്ണൻ, വി.എം. ജോണി, നഗരസഭാ എൻജിനിയർ സി.എസ്. പ്രകാശൻ, നഗരസഭാ കൗൺസിലർമാർ, ഇറിഗേഷൻ, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.